തലമുറകൾക്കായുള്ള സർക്കാർ നിക്ഷേപമാണ് ഹെൽത്ത് കാർഡെന്ന് മന്ത്രി വീണാ ജോർജ്

Minister Veena George
Published on

ആരോഗ്യമുള്ള തലമുറകൾക്കായുള്ള സർക്കാരിന്റെ നിക്ഷേപമാണ് വിദ്യാർത്ഥികൾക്കുള്ള ഹെൽത്ത് കാർഡെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കുള്ള ഹെൽത്ത് കാർഡിന്റെ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഹെൽത്ത് കാർഡിൽ ഉൾപ്പെടുത്തുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി 12-ാം ക്ലാസുവരെ ഓരോ വിദ്യാർത്ഥികളുടേയും ആരോഗ്യാവസ്ഥ സർക്കാർ സമഗ്രമായി നിരീക്ഷിച്ച് കുറവുകളുണ്ടെങ്കിൽ പരിഹരിക്കുമെന്നും വീണാ ജോർജ് വ്യക്തമാക്കി. പട്ടികജാതി വികസന വകുപ്പ് മന്ത്രി ഒ ആർ കേളു അധ്യക്ഷനായി.

എല്ലാ വിദ്യാർത്ഥികൾക്കും ഹെൽത്ത് കാർഡ് നൽകുന്ന പദ്ധതി പട്ടികജാതി വികസന വകുപ്പാണ് ആദ്യമായി പൂർത്തീകരിച്ചത്. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെയും പ്രീ മെട്രിക് ഹോസ്റ്റലുകളിലെയും എല്ലാ വിദ്യാർത്ഥികളെയും ബുധനാഴ്ച പ്രാഥമിക പരിശോധനകൾക്ക് വിധേയരാക്കി. വിവരങ്ങൾ ഹെൽത്ത് കാർഡിൽ രേഖപ്പെടുത്തും. തുടർന്ന് മൂന്നു മാസം കൂടുമ്പോൾ തുടർ പരിശോധനകൾ നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കും.

10 എം ആർ എസുകളിലായി 2043 കുട്ടികളും 84 പ്രീ മെട്രിക് ഹോസ്റ്റലുകളിലെ 2130 കുട്ടികളും ഉൾപ്പെടെ 4173 കുട്ടികൾക്കാണ് ഹെൽത്ത് കാർഡ് നൽകുക. വിദ്യാഭ്യാസ സ്ഥാപനം സ്ഥിതിചെയ്യുന്ന മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർക്കും പട്ടികജാതി വികസന വകുപ്പ് ജില്ലാ ഓഫീസർമാർക്കുമാണ് പദ്ധതിയുടെ മേൽനോട്ട ചുമതല. പോഷകാഹാര ന്യൂനതകൾ, പൊതു ആരോഗ്യനില, വിളർച്ച, മറ്റു രോഗ സാധ്യതകൾ, സ്വഭാവ-പഠന വൈകല്യങ്ങൾ, ശുചിത്വ കാര്യങ്ങൾ തുടങ്ങിയവ ക്രമമായി നിരീക്ഷിക്കും.

പരിപാടിയിൽ പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഡി ധർമ്മലശ്രീ, അഡീഷണൽ ഡയറക്ടർ വി സജീവ് തുടങ്ങിയവർ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com