ആനന്ദ് കെ തമ്പിയുടെ വീട്ടിൽ നേരിട്ടെത്തി മന്ത്രി വി ശിവൻകുട്ടി: കുടുംബത്തിന് പിന്തുണ, BJPക്കെതിരെ രൂക്ഷ വിമർശനം | V Sivankutty

ഇന്ന് രാവിലെയാൻ അദ്ദേഹം ആനന്ദിന്റെ വീട്ടിലെത്തിയത്.
ആനന്ദ് കെ തമ്പിയുടെ വീട്ടിൽ നേരിട്ടെത്തി മന്ത്രി വി ശിവൻകുട്ടി: കുടുംബത്തിന് പിന്തുണ, BJPക്കെതിരെ രൂക്ഷ വിമർശനം | V Sivankutty
Published on

തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ. തമ്പിയുടെ കുടുംബത്തിന് ആശ്വാസവുമായി മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. ഇന്ന് രാവിലെ ആനന്ദിന്റെ വീട്ടിലെത്തിയ മന്ത്രി കുടുംബാംഗങ്ങളെയും നാട്ടുകാരെയും കണ്ട് സംസാരിക്കുകയും എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു.(Minister V Sivankutty visits Anand's family in person, Supports them)

ആനന്ദിൻ്റെ വീട് സന്ദർശിച്ചതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി ശിവൻകുട്ടി ആർ.എസ്.എസിനെയും ബി.ജെ.പിയെയും രൂക്ഷമായി വിമർശിച്ചു. അനന്തു അജി, തിരുമല അനിൽ, ആനന്ദ് തമ്പി എന്നിവർ ജീവനൊടുക്കിയ സാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ വിമർശനം.

"ബി.ജെ.പി./ആർ.എസ്.എസ്. പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പ്രവർത്തകരുടെയും നേതാക്കളുടെയും ജീവന് അവരുടെ പ്രസ്ഥാനം തന്നെ ഭീഷണിയാകുന്ന അതീവ ഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്."

ബി.ജെ.പിയുടെ ജീർണ്ണിച്ച നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധം വരാനിരിക്കുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ ശക്തമായി പ്രതിഫലിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു. വർഗീയതയുടെയും അക്രമത്തിന്റെയും രാഷ്ട്രീയം കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി തള്ളിക്കളയുമെന്നും അദ്ദേഹം പോസ്റ്റിൽ കൂട്ടിച്ചേർത്തു.

അതേസമയം, തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ. തമ്പി ആത്മഹത്യ ചെയ്ത സംഭവം വ്യക്തിപരമായ മാനസിക വിഭ്രാന്തിയെ തുടർന്നാണെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ പ്രതികരിച്ചു. ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംഘടനാപരമായി നേരിടുമെന്നും പാർട്ടി അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

കൂടാതെ, സീറ്റ് നിഷേധിച്ചതിൻ്റെ പേരിൽ ആത്മഹത്യ ചെയ്യണമെങ്കിൽ താൻ തന്നെ 12 പ്രാവശ്യം ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും ബി. ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു. ആനന്ദ് കെ. തമ്പിയുടെ ആത്മഹത്യയിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച കോൺഗ്രസ് നേതാവ് കെ. മുരളീധരന് ബി. ഗോപാലകൃഷ്ണൻ മറുപടി നൽകി.

"ബിജെപിക്ക് നേതൃത്വമില്ലെന്ന് പറയുന്ന മുരളീധരൻ സ്വന്തം പാർട്ടിയിലെ നേതൃത്വം നന്നാക്കാൻ നോക്കണം. സ്വന്തം കുടുംബത്തിലെ പ്രശ്‌നം പോലും പരിഹരിക്കാൻ പറ്റാത്ത ആളാണ് മുരളീധരൻ," ഗോപാലകൃഷ്ണൻ പരിഹസിച്ചു. കോൺഗ്രസ് നേതൃത്വം തകർന്നെന്ന കാര്യം തിരുവനന്തപുരം എം.പി. (ശശി തരൂർ) പോലും പറയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോഴിക്കോട് കോർപ്പറേഷനിലെ 22 വാർഡുകളിലെ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ബി. ഗോപാലകൃഷ്ണൻ. കോഴിക്കോട് കോർപ്പറേഷനിലെ ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനമാണിത്. കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ നാല് സ്ഥാനാർത്ഥികളെയും ബിജെപി പ്രഖ്യാപിച്ചു.

അതേസമയം, തൃക്കണ്ണാപുരം വാർഡിൽ സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയ ആർ.എസ്.എസ്. പ്രവർത്തകൻ ആനന്ദ് കെ. തമ്പി സുഹൃത്തുമായി നടത്തിയ നിർണായക ഫോൺ സംഭാഷണം പുറത്തുവന്നു. തനിക്കെതിരെ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ പോരാട്ടം പ്രഖ്യാപിക്കുന്നതും കടുത്ത സമ്മർദ്ദം നേരിട്ടതിനെക്കുറിച്ചും സംഭാഷണത്തിൽ ആനന്ദ് വെളിപ്പെടുത്തുന്നുണ്ട്.

"രണ്ടും കൽപ്പിച്ചാണ് മത്സരിക്കാൻ തീരുമാനിച്ചത്. തന്നെ അപമാനിച്ചവരെ വെറുതെ വിടില്ല, സംഘടനക്ക് വേണ്ടി എല്ലാം നൽകി. എത്ര കൊമ്പനായാലും പോരാടും," അദ്ദേഹം പറയുന്നു. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പലയിടത്തുനിന്നും കടുത്ത സമ്മർദ്ദം നേരിട്ടതായും ആനന്ദ് സംഭാഷണത്തിൽ പറയുന്നുണ്ട്. അതേസമയം, ആനന്ദിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സീറ്റ് നിഷേധിച്ചതിലെ മനോവിഷമത്തെത്തുടർന്നാണ് ആത്മഹത്യ എന്നാണ് പോലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം, ആനന്ദ് കെ. തമ്പിയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ അൽപ്പസമയത്തിനകം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്തുപറഞ്ഞ പ്രാദേശിക നേതാക്കളുടെ മൊഴിയെടുക്കുന്നതടക്കമുള്ള കൂടുതൽ അന്വേഷണങ്ങളിലേക്ക് പോലീസ് കടക്കും.

Related Stories

No stories found.
Times Kerala
timeskerala.com