തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇന്ന് വൈകിട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് 3 മണിക്ക് കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് നിർണ്ണായക ചർച്ച. സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ള എസ്.എസ്.കെ.പദ്ധതിയുടെ സാമ്പത്തിക സഹായം ആവശ്യപ്പെടാനാണ് സംസ്ഥാനത്തിന്റെ പ്രധാന നീക്കം.(Minister V Sivankutty to meet Union Minister today, will talk about SSK Fund)
എസ്.എസ്.കെ. പദ്ധതി പ്രകാരം സംസ്ഥാനത്തിന് ലഭിക്കേണ്ട സാമ്പത്തിക സഹായത്തിലെ ബാക്കി കുടിശിക എത്രയും വേഗം നൽകുന്ന കാര്യത്തിലാകും ഇന്ന് പ്രധാനമായും ചർച്ച നടക്കുക. കഴിഞ്ഞ ദിവസം 92.41 കോടി രൂപ എസ്.എസ്.കെ. ഫണ്ടായി സംസ്ഥാനത്തിന് ലഭിച്ചിരുന്നു. പി.എം. ശ്രീ പദ്ധതിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രാഷ്ട്രീയ വിവാദം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.
പി.എം. ശ്രീ പദ്ധതിയിൽ ചേരാനുള്ള നീക്കം സി.പി.ഐയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് സംസ്ഥാനം മരവിപ്പിച്ചതിന് ശേഷം ആദ്യമായാണ് വി. ശിവൻകുട്ടി കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. എസ്.എസ്.കെ. ഫണ്ട് തടസ്സപ്പെട്ടതിനാലാണ് പി.എം. ശ്രീയിൽ ഒപ്പുവെക്കേണ്ടി വരുന്നതെന്ന് മുൻപ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വിശദീകരിച്ചിരുന്നു. എന്നാൽ, നിലവിൽ പി.എം. ശ്രീ പദ്ധതി മരവിപ്പിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്നത്തെ കൂടിക്കാഴ്ചയിൽ ചർച്ചയാകില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
വന്ദേ ഭാരത് ട്രെയിനിൽ ഗണഗീതം ആലപിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് രേഖാമൂലം പരാതി നൽകുമെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് നിർണ്ണായകമായ കേന്ദ്ര സഹായം വേഗത്തിലാക്കാൻ ഇന്നത്തെ കൂടിക്കാഴ്ച സഹായകമാകുമെന്നാണ് പ്രതീക്ഷ.