തിരുവനന്തപുരം : സ്കൂള്‍ സമയ മാറ്റത്തില്‍ മത സംഘടനകളുമായി നടത്തിയ ചർച്ചയിൽ സമവായം. ഈ അധ്യയന വർഷം തൽസ്ഥിതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അടുത്തവര്‍ഷം ചര്‍ച്ചകള്‍ നടത്താമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി സമസ്ത നേതാക്കള്‍ അറിയിച്ചു.
അക്കാദമിക് വര്‍ഷം 1100 മണിക്കൂര്‍ ക്ലാസുകള്‍ ലഭിക്കാന്‍ വേണ്ടി വിദഗ്ധസന്ധി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു രാവിലെ 15 മിനിറ്റും വൈകുന്നേരം 15 മിനിറ്റും വര്‍ധിപ്പിച്ചത്.
ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് സ്കൂൾ സമയം അരമണിക്കൂർ വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇക്കാര്യം മതസംഘടനകളോട് വിശദീകരിക്കാനാണ് സർക്കാർ ചര്‍ച്ചയില്‍ ശ്രമിച്ചത്. ചർച്ചയിൽ ഭൂരിഭാഗം സംഘടനകളും സമയമാറ്റം സ്വാഗതം ചെയ്യുകയായിരുന്നു. പരാതി ഉള്ളവര്‍ക്ക് കോടതിയില്‍ പോകാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കൂട്ടിച്ചേർത്തു.