ഓണാഘോഷത്തിൽ നിന്ന് കുട്ടികളെ ഒഴിവാക്കാൻ ശ്രമിച്ചത് ​ഗൗരവതരമെന്ന് മന്ത്രി വി ശിവൻകുട്ടി |v sivankutty

സംഭവത്തിൽ അന്വേഷണത്തിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.
v sivankutty
Published on

തിരുവനന്തപുരം : ഓണാഘോഷവുമായി ബന്ധപ്പെട്ട് സ്കൂൾ അധ്യാപിക വിദ്വേഷപരാമർശം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. അധ്യാപകർ കുട്ടികളുടെ മനസിൽ വേർതിരിവുകൾ ഉണ്ടാക്കാതെ, അവർക്ക് അറിവ് പകർന്നു നൽകാൻ മാത്രമാണ് ശ്രദ്ധിക്കേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാ മതങ്ങളെയും ജാതികളെയും ബഹുമാനിക്കാനും സ്‌നേഹിക്കാനും പഠിപ്പിക്കുന്ന ഇടങ്ങളായിരിക്കണമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംഭവത്തിൽ അന്വേഷണത്തിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. തൃശൂർ കല്ലുംപുറം സിറാജുൽ ഉലൂം സ്കൂളിലെ അധ്യാപിക വിദ്വേഷപരാമർശം നടത്തിയത്.തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടറോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ സ്‌കൂളിൽ ഓണാഘോഷങ്ങൾ നടക്കുമ്പോൾ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ അവിടെ ഉണ്ടാകും. സംഭവവുമായി ബന്ധപ്പെട്ട് പ്രീപ്രൈമറി വിഭാഗത്തിലെ രണ്ട് അധ്യാപകരെ സസ്‌പെൻഡ് ചെയ്തതായി സ്‌കൂൾ മാനേജ്മന്റ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കുട്ടികളുടെ ജാതിയോ മതമോ നോക്കിയല്ല സ്‌കൂളിൽ പരിഗണിക്കുന്നത്. അവർ വിദ്യാഭ്യാസം നേടുന്നത് അറിവും വിജ്ഞാനവും വളർത്തി രാജ്യപുരോഗതിയുടെ ഭാഗമാകാനാണ്. എല്ലാ ആഘോഷങ്ങളും മനുഷ്യരുടെ സന്തോഷത്തിന്റെ ഭാഗമാണ്. ഓണമെന്നോ, ക്രിസ്തുമസെന്നോ, പെരുന്നാളെന്നോ ഉള്ള വ്യത്യാസങ്ങൾ കുട്ടികൾക്കില്ല. അവർക്ക് എല്ലാ ആഘോഷങ്ങളും സന്തോഷിക്കാനുള്ള അവസരങ്ങളാണ്.

ഓണം ഇതര മതസ്ഥരുടെ ആഘോഷമാണെന്നും സ്കൂളിൽ ഓണാഘോഷം വേണ്ടെന്നുമാണ് അധ്യാപിക രക്ഷിതാക്കളുടെ ഗ്രൂപ്പിൽ ഓഡിയോ സന്ദേശം ഇട്ടത്. ഡിവൈഎഫ്ഐ നൽകിയ പരാതിയെ തുടർന്ന് കുന്നംകുളം പൊലീസ് അധ്യാപികയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com