ഓണത്തിന് മുന്നോടിയായി 24.7 ലക്ഷം കുട്ടികൾക്ക് നാല് കിലോ അരി നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി |V sivankutty

അരിവിതരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
v sivankutty
Published on

തിരുവനന്തപുരം : ഓണത്തിന് മുന്നോടിയായി 24.7 ലക്ഷം കുട്ടികൾക്ക് നാല് കിലോ അരി വീതം സൗജന്യമായി വിതരണം ചെയ്യുന്നതായി മന്ത്രി വി ശിവൻകുട്ടി.സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുള്ള പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള ഏകദേശം 24.7 ലക്ഷം കുട്ടികൾക്ക് അരി നൽകുന്നത്. ഓണത്തിന് സ്കൂൾ കുട്ടികൾക്കായുള്ള അരിവിതരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം കോട്ടൺഹിൽ സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

ലോകം മുഴുവൻ ദാരിദ്ര്യവും പട്ടിണിയും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്. ഐക്യരാഷ്ട്രസഭയും നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയുമെല്ലാം ഭക്ഷണം ഓരോ പൗരന്റെയും മൗലികാവകാശമാണെന്ന് അടിവരയിട്ട് പറയുന്നു. ജീവിക്കാനുള്ള അവകാശത്തിൽ ഭക്ഷണം എന്നത് ഒഴിവാക്കാനാവാത്ത ഒരു ഘടകമാണ്. നമ്മുടെ രാജ്യത്ത് 'ഭക്ഷണം ഒരു മൗലികാവകാശമാണ്' എന്ന ആശയം സ്ഥാപിച്ചെടുക്കാൻ ഒരുപാട് പ്രക്ഷോഭങ്ങളും നിയമപോരാട്ടങ്ങളും നടന്നിട്ടുണ്ട്. അതിന്റെ ഫലമായിട്ടാണ് 2013-ൽ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം പാർലമെൻ്റ് പാസാക്കിയത്. ഈ നിയമം വഴി, ആറ് മുതൽ പതിനാല് വയസുവരെയുള്ള കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് നിയമപരമായ പരിരക്ഷ ലഭിച്ചു.

വിദ്യാഭ്യാസം എന്നത് വെറും പാഠപുസ്തകങ്ങളിൽ ഒതുങ്ങുന്ന ഒന്നല്ല. അത് കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയെക്കൂടി ആശ്രയിച്ചിരിക്കുന്നു. വിശക്കുന്ന വയറുമായി ആർക്കും പഠിക്കാനാവില്ല. അതുകൊണ്ടുതന്നെ, കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതോടൊപ്പം അവർക്ക് ആവശ്യമായ പോഷണവും ഉറപ്പാക്കേണ്ടത് നമ്മുടെയെല്ലാം കടമയാണ്. ഈ ലക്ഷ്യത്തോടെ ഭക്ഷ്യ വകുപ്പിന്റെ സഹകരണത്തോടെ, സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് മുഖേനയാണ് അരി വിതരണം ചെയ്യുന്നത്. 12,024 സ്കൂളുകളിലായി 9,910 മെട്രിക് ടൺ അരിയാണ് ഇതിനായി വേണ്ടിവരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com