തിരുവനന്തപുരം: പാലക്കാട് ചിറ്റൂരിൽ കാണാതായ ആറുവയസ്സുകാരൻ സുഹാന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തിയ സംഭവത്തിൽ അടിയന്തരമായി വിശദമായ അന്വേഷണം നടത്താൻ മന്ത്രി വി. ശിവൻകുട്ടി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. കുരുന്നിന്റെ വിയോഗം അത്യന്തം വേദനിപ്പിക്കുന്നതാണെന്നും കുടുംബത്തിന് നിയമപരമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.(Minister V Sivankutty orders detailed investigation into Suhan's death)
വീട്ടിൽ നിന്ന് 300 മീറ്റർ അകലെയുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ ഇത്രയും ദൂരം കുട്ടി തനിയെ നടന്നെത്തിയെന്നതിൽ നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. നടന്നുപോകുമ്പോൾ അബദ്ധത്തിൽ വീഴാൻ സാധ്യതയുള്ള കുളമല്ല ഇതെന്നും, അതിനാൽ സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തണമെന്നും ചിറ്റൂർ നഗരസഭാ ചെയർമാൻ ആവശ്യപ്പെട്ടു.
സഹോദരനുമായി പിണങ്ങി വീട്ടുമുറ്റത്തുനിന്ന് ഇറങ്ങിയതായിരുന്നു സുഹാൻ. സാധാരണ കുട്ടികൾക്കിടയിലുണ്ടാകാറുള്ള ചെറിയ പിണക്കം മാത്രമായിരുന്നു അതെന്നും ഇങ്ങനെയൊരു ദുരന്തം പ്രതീക്ഷിച്ചിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
"മകനെ നഷ്ടപ്പെട്ട മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ വാക്കുകളില്ല. വിഷയവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജനപ്രതിനിധികളുമായി സംസാരിച്ചിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം ഊർജ്ജിതമാക്കും." - മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
അമ്പാട്ടുപാളയം എരുമൻകോട് മുഹമ്മദ് അനസ്–തൗഹിത ദമ്പതികളുടെ ഇളയമകനാണ് സുഹാൻ. കുട്ടിയെ കാണാതാകുമ്പോൾ അധ്യാപികയായ അമ്മ സ്കൂളിലെ ആവശ്യത്തിനായി പുറത്തുപോയതായിരുന്നു. പിതാവ് വിദേശത്താണ്. മൃതദേഹം ഇപ്പോൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.