തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണങ്ങൾ ഗുരുതരമാണെന്നും വിഷയത്തിൽ കോൺഗ്രസ് നേതൃത്വം ഒളിച്ചുകളിക്കുകയാണെന്നും മന്ത്രി വി. ശിവൻകുട്ടി. ഗർഭം ധരിക്കാൻ ആവശ്യപ്പെടുകയും തുടർന്ന് ഗർഭച്ഛിദ്രം നടത്താൻ നിർബന്ധിക്കുകയും ചെയ്ത സംഭവം സാധാരണ രാഷ്ട്രീയ വിഷയമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ ശബ്ദരേഖകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.(Minister V Sivankutty on Rahul Mamkootathil issue)
രാഹുലിനെ സസ്പെൻഡ് ചെയ്തതായുള്ള പ്രഖ്യാപനം വെറുതെയാണെന്നും, രാഹുൽ ഇപ്പോഴും കോൺഗ്രസ് വേദികളിൽ സജീവമാണെന്നും വി. ശിവൻകുട്ടി ആരോപിച്ചു. താനും രാഹുൽ മാങ്കൂട്ടത്തിലും ഒന്നിച്ച് ഒരു വേദി പങ്കിട്ട സംഭവം മന്ത്രി ഓർമ്മിപ്പിച്ചു. "ഒന്നുകിൽ ഇറക്കി വിടണം, അല്ലെങ്കിൽ ഞങ്ങൾ ഇറങ്ങിപ്പോകണം. ഇറക്കി വിട്ടാൽ അത് കുട്ടികളെ ബാധിക്കും. കുട്ടികളെ ഓർത്താണ് അന്ന് ഞങ്ങൾ ഇറങ്ങിപ്പോകാതിരുന്നത്," മന്ത്രി വ്യക്തമാക്കി.
എം.എൽ.എ. സ്ഥാനം രാജിവയ്ക്കണമോ എന്ന് രാഹുൽ തന്നെ തീരുമാനിക്കട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാഹുലും യുവതിയും തമ്മിലുള്ള ചാറ്റാണ് ഇന്ന് പുറത്തുവന്നത്. നമുക്കൊരു കുഞ്ഞിനെ വേണമെന്നും, തുടർന്ന് ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് ശബ്ദരേഖയുടെ ഉള്ളടക്കം.
പുതിയ ലേബർ കോഡുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിൻ്റെ നിലപാടും മന്ത്രി വ്യക്തമാക്കി. പുതിയ ലേബർ കോഡ് അംഗീകരിക്കാൻ കഴിയില്ല. ഇതിനോട് യോജിക്കാൻ കഴിയുന്ന എല്ലാവരുമായി യോജിച്ച് ലേബർ കോഡിനെതിരെ നിലപാട് എടുക്കും. ലേബർ കോഡിനെതിരായ നിലപാട് ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഡിസംബറിൽ തിരുവനന്തപുരത്ത് കോൺക്ലേവ് നടത്തുമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.