തിരുവനന്തപുരം: കേന്ദ്രസർക്കാർ നടപ്പാക്കിയ ലേബർ കോഡിനെ പരസ്യമായി തള്ളിപ്പറയുമ്പോഴും, കോഡ് അനുസരിച്ചുള്ള കരട് ചട്ടങ്ങൾ സംസ്ഥാന തൊഴിൽ വകുപ്പ് തയ്യാറാക്കിയ കാര്യം തൊഴിൽ മന്ത്രി വി. ശിവൻകുട്ടി സമ്മതിച്ചു. എന്നാൽ, ചട്ടങ്ങൾ തയ്യാറാക്കുക മാത്രമാണ് ചെയ്തതെന്നും നടപ്പാക്കാനുള്ള തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.(Minister V Sivankutty admits issuing draft notification on Labour Code as per central directive)
കേന്ദ്ര ലേബർ സെക്രട്ടറി വിളിച്ച യോഗത്തിലെ നിർദ്ദേശപ്രകാരം സംസ്ഥാന തൊഴിൽ സെക്രട്ടറിയും പങ്കെടുത്ത ശേഷമാണ് ഒരു കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. കേന്ദ്ര തൊഴിൽ കോഡ് അംഗീകരിക്കുന്നില്ല എന്ന നിലപാടാണ് സംസ്ഥാനത്തിനുള്ളതെന്നും ഇത് കേന്ദ്രത്തെ ശക്തമായി അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളിൽ വന്ന വാർത്ത പൂർണ്ണമായും ശരിയല്ലെന്നും, വേതന കോഡിൽ ഒരു കരട് വിജ്ഞാപനം ഇറങ്ങിയതല്ലാതെ മറ്റൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലേബർ കോഡിലെ സംസ്ഥാന നിലപാട് അറിയിച്ചതാണ്. ഈ വിഷയത്തിൽ നാളെ ട്രേഡ് യൂണിയനുകളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സ്കൂളുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിൽ മന്ത്രി ദുഃഖം രേഖപ്പെടുത്തി.
വിധിയിൽ റിവ്യൂ (പുനഃപരിശോധനാ ഹർജി) നൽകുന്ന കാര്യം പരിശോധിക്കുമെന്നും, അഭിഭാഷകൻ കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ചില്ലേയെന്ന് സംശയമുണ്ടെന്നും മന്ത്രി പ്രതികരിച്ചു. 14,000 സ്കൂളുകൾ പ്രവർത്തിക്കുന്ന കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തെ പുരോഗതി കോടതി മനസ്സിലാക്കാത്തതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.