കൊച്ചി :പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിഷയത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. സ്‌കൂൾ തലത്തിൽ സമവായം ഉണ്ടെങ്കിൽ നല്ലതെന്നാണ് അദ്ദേഹം പറഞ്ഞത്. അത് അവിടെ തീരട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Minister V Sivankutty about Hijab controversy in School)
പഠനം നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്നും, മാനേജ്മെന്‍റിനോട് വിശദീകരണംതേടുമെന്നും മന്ത്രി അറിയിച്ചു. രക്ഷിതാവ് പഴയ സ്റ്റാൻഡിൽ നിന്ന് മാറിയിട്ടുണ്ട് എന്നും, രക്ഷിതാവിന് പ്രശ്നമില്ല എന്നും പറഞ്ഞ അദ്ദേഹം, ഒരു കുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കാൻ പാടില്ല എന്നും പ്രതികരിച്ചു.
അതേസമയം, സ്‌കൂളിലെ പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് രംഗത്തെത്തി. സർക്കാരിന് രേഖാമൂലം മറുപടി നൽകിയെന്ന് അവർ പറഞ്ഞു. സ്‌കൂളിന് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും, ഡി ഡി ഇ നൽകിയത് സത്യവിരുദ്ധമായ റിപ്പോർട്ട് ആണെന്നും അവർ കൂട്ടിച്ചേർത്തു. സ്‌കൂൾ മാനേജ്‌മെൻറിന് യൂണിഫോം നിശ്ചയിക്കാൻ അധികാരമുണ്ടെന്നും, കുട്ടിക്ക് പഠനം നിഷേധിച്ചിട്ടില്ല എന്നും അവർ വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു അവരുടെ പ്രതികരണം.
അച്ഛനും അമ്മയും ആഗ്രഹിക്കുന്ന കാലത്തോളം കുട്ടിക്ക് ഹിജാബ് ധരിച്ച് ക്ലാസിൽ എത്താമെന്നാണ് മന്ത്രി പറഞ്ഞത്. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽ ഒരു കുട്ടിക്കും ഇത്തരം അനുഭവം ഉണ്ടാകാൻ പാടില്ല എന്നും അദ്ദേഹം പറഞ്ഞു. അസ്വസ്ഥത ഉണ്ടാക്കുന്ന ഏത് വിഷയത്തിലും സർക്കാർ ഇടപെടുമെന്നാണ് മന്ത്രി അറിയിച്ചത്.
ഹിജാബ് വിവാദത്തിന് പിന്നാലെ രണ്ടു ദിവസത്തെ അവധിക്ക് ശേഷം പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂൾ തുറന്നു. അതേസമയം, ആവശ്യവുമായി എത്തിയ എട്ടാം ക്ലാസുകാരി ഇന്ന് സ്‌കൂളിൽ എത്തില്ല എന്നാണ് വിവരം. കുട്ടിയുടെ രക്ഷിതാവ് പറയുന്നത് ആരോഗ്യ പ്രശ്നങ്ങൾ കാരണം അവധിയെടുത്തു എന്നാണ്. സ്കൂളിന്റെ നിയമാവലി പാലിക്കാമെന്നും തുടർന്നും കുട്ടിയെ ഈ സ്കൂളിൽ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും പിതാവ് പറഞ്ഞതായി ഹൈബി ഈഡൻ പറഞ്ഞിരുന്നു. ഈ പ്രതികരണം ഉണ്ടായത് സ്‌കൂൾ മാനേജ്‌മെൻറുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ്. സ്കൂൾ നിർദേശിക്കുന്ന യൂണിഫോം ധരിക്കാൻ തയ്യാറാണെന്നും വർഗീയവാദികൾക്ക് ഇടം ഉണ്ടാക്കിക്കൊടുക്കില്ലെന്നും പിതാവ് വ്യക്തമാക്കി.