'രാജ്യത്ത് ആദ്യമായി കേരളത്തിൽ നൈപുണ്യ വികസനത്തിന് വികേന്ദ്രീകൃത മാതൃക, കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും': മന്ത്രി V ശിവൻകുട്ടി | Skill development

കേന്ദ്രസർക്കാരുമായി സഹകരിച്ചുള്ള പദ്ധതികളെക്കുറിച്ചും മന്ത്രി വ്യക്തമാക്കി
Minister V Sivankutty about a decentralized model for skill development in Kerala
Published on

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി നൈപുണ്യ വികസനത്തിനായി വികേന്ദ്രീകൃത മാതൃക സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പ്രാദേശിക സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പാക്കുന്നതിനായി ഓരോ ജില്ലയെയും പ്രത്യേക ലേബർ മാർക്കറ്റായി പരിഗണിച്ചുകൊണ്ടാണ് ഈ ബൃഹത് പദ്ധതി നടപ്പാക്കുന്നത്.(Minister V Sivankutty about a decentralized model for skill development in Kerala)

എല്ലാ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ചുകൊണ്ട് സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും പരിശീലനം നൽകാൻ അവസരം സൃഷ്ടിക്കുന്നതിനാണ് സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പ് ഈ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

കേന്ദ്ര നൈപുണ്യ വികസന മന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുമെന്നും സെക്രട്ടേറിയറ്റ് പി.ആർ. ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ നൈപുണ്യ വികസന ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെ മുഖ്യധാരയിൽ എത്തിക്കാനും ഗുണനിലവാരം ഉറപ്പാക്കാനുമായി അക്രഡിറ്റേഷൻ പോളിസി തയ്യാറാക്കി. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള കെയ്‌സിൽ അക്രഡിറ്റ് ചെയ്യുന്നതിനുള്ള ഈ പോളിസിക്ക് കെയ്‌സ് ഭരണസമിതി അംഗീകാരം നൽകി.

ഈ നയം നടപ്പിലാക്കുന്നതിലൂടെ സ്വകാര്യ നൈപുണ്യ പരിശീലന രംഗത്തെ അനുഭവസമ്പത്തും വിഭവശേഷിയും പ്രയോജനപ്പെടുത്തും. പരിശീലനം മികച്ച രീതിയിൽ ഏകോപിപ്പിച്ച് സംസ്ഥാനത്തെ നൈപുണ്യ വികസനത്തിന്റെ ഗുണനിലവാരം ഉയർത്താൻ സാധിക്കുമെന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കേന്ദ്രസർക്കാരുമായി സഹകരിച്ചുള്ള പദ്ധതികളെക്കുറിച്ചും മന്ത്രി വ്യക്തമാക്കി. സംസ്ഥാന നൈപുണ്യ വികസന മിഷൻ മുഖാന്തരം പി.എം.കെ.വി.വൈ - 4 (പ്രധാനമന്ത്രി കൗശൽ വികാസ് യോജന) നടപ്പിലാക്കുന്നതിന് തൊഴിലും നൈപുണ്യവും വകുപ്പ് നേതൃത്വം നൽകുന്നു. സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളിൽപ്പെട്ട 15,390 ഉദ്യോഗാർത്ഥികൾക്കായി 2026 മാർച്ച് മാസത്തിനകം 34 കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പിലാക്കുക.

Related Stories

No stories found.
Times Kerala
timeskerala.com