മലപ്പുറം: ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരണവുമായി മന്ത്രി വി. അബ്ദുറഹ്മാൻ രംഗത്ത്. സ്വന്തം മണ്ഡലത്തിലെ പാവപ്പെട്ടവർക്ക് സഹായം ലഭിക്കുന്ന ഒരു പദ്ധതിയായതിനാലാണ് താൻ അവിടെ പോയതെന്നും രാഷ്ട്രീയമായ യാതൊരു ചായ്‌വും ഇതിലില്ലെന്നും അദ്ദേഹം പറഞ്ഞു.(Minister V Abdurahiman's explanation on attending Jamaat-e-Islami's event)
ബൈത്തു സകാത്ത് എന്ന ചാരിറ്റി പദ്ധതിയുടെ ഉദ്ഘാടനത്തിനാണ് താൻ പോയത്. ജനസേവനപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ തെറ്റില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ നിലപാടുകളെ താൻ ഇപ്പോഴും ശക്തമായി എതിർക്കുന്നു. പരിപാടിയിൽ പ്രസംഗിച്ചപ്പോഴും സ്വന്തം രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കിയാണ് സംസാരിച്ചത്.
തന്റെ മണ്ഡലത്തിലെ ജനങ്ങൾക്ക് ഗുണകരമാകുന്ന ഒരു പരിപാടി എന്ന നിലയിലാണ് ചടങ്ങിനെ കണ്ടത് എന്നും അദ്ദേഹം പറഞ്ഞു. ജനുവരി 19-ന് താനൂർ പുത്തൻതെരുവിൽ നടന്ന ജമാഅത്തെ ഇസ്‌ലാമി ബൈത്തു സകാത്ത് ക്യാമ്പയിൻ മന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.