തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശന തീയതിയിൽ മാറ്റം വന്നതിനെ തുടര്‍ന്ന് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് അറിയിച്ചു. നവംബർ 30ന് ശേഷം സ്പോൺസർക്ക് സ്റ്റേഡിയത്തിൽ ഒരു അവകാശവും നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സ്റ്റേഡിയം നവീകരിക്കുന്നതിനെ ചില മാധ്യമങ്ങളും സ്ഥാപിത താല്പര്യക്കാരും പാതകമായി വ്യാഖ്യാനിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം ആര്‍ക്കും കൈമാറാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ജിസിഡിഎ ചെയര്‍മാന്‍ വ്യക്തമാക്കിയിട്ടുണ്ട്. നവീകരണത്തിന്റെ ഭാഗമായി സ്‌റ്റേഡിയത്തില്‍ ഏര്‍പ്പെടുത്തുന്ന സൗകര്യങ്ങള്‍ തുടര്‍ന്ന് നടക്കുന്ന എല്ലാ മത്സരങ്ങള്‍ക്കും ഉപയോഗിക്കാം. ജിസിഡിഎയ്ക്കോ സര്‍ക്കാരിനോ യാതൊരു സാമ്പത്തിക ബാധ്യതയും ഇല്ലാതെ സ്റ്റേഡിയം നവീകരിക്കുകയും ചെയ്യും.
സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് അര്‍ജന്റീന ടീം സൗഹൃദ മത്സരത്തിന് സന്നദ്ധത അറിയിച്ചത്. ആദ്യം സ്‌പോണ്‍സറായി നിശ്ചയിച്ചവര്‍ വ്യവസ്ഥ പാലിക്കാത്തതിനെ തുടര്‍ന്ന് പിന്നീട് താല്‍പ്പര്യം അറിയിച്ച റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ നിശ്ചയിച്ചു. അവര്‍ അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനുമായി കരാറിലേര്‍പ്പെട്ടു. മത്സരവുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ബാധ്യതയും സ്‌പോണ്‍സറാണ് വഹിക്കേണ്ടതെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
ജിസിഡിഎ സര്‍ക്കാരിന് നല്‍കിയ കത്ത് പ്രകാരമാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മത്സരം നടത്താന്‍ തീരുമാനിച്ചത്. മത്സരത്തിന് വേണ്ടി മാത്രമായി സര്‍ക്കാര്‍ പിഎസ്‌യു ആയ സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന് സ്റ്റേഡിയം കൈമാറാന്‍ ജിസിഡിഎ തിരുമാനിക്കുകയായിരുന്നു.