

തിരുവനന്തപുരം: നടൻ ശ്രീനിവാസന്റെ നിര്യാണത്തിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അനുശോചിച്ചു. മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് മന്ത്രി പറഞ്ഞു. അഭിനയ കലയിൽ ബാഹ്യസൗന്ദര്യത്തിനല്ല, മറിച്ച് കഥാപാത്രത്തോടുള്ള താദാത്മ്യത്തിനാണ് വിലയെന്ന് തന്റെ ജീവിതത്തിലൂടെ തെളിയിച്ച പ്രതിഭയായിരുന്നു അദ്ദേഹമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
സാധാരണ മനുഷ്യന്റെ പ്രശ്നങ്ങൾ മലയാളി മനസ്സുകളിൽ തങ്ങിനിൽക്കുന്ന രീതിയിൽ അവതരിപ്പിച്ച ബഹുമുഖ പ്രതിഭയാണ് ശ്രീനിവാസൻ.
മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ട്: മോഹൻലാലും ശ്രീനിവാസനും തമ്മിലുള്ള അഭിനയ കോമ്പിനേഷൻ മലയാള സിനിമയെ ആഗോളതലത്തിൽ തന്നെ വാനോളം ഉയർത്തിയ ഒന്നാണ്.മികച്ച കഥകൾ സൃഷ്ടിക്കാനുള്ള കഴിവ് അദ്ദേഹത്തെ വ്യത്യസ്തനാക്കി. സംവിധായകൻ എന്ന നിലയിലും അദ്ദേഹം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.ഓരോ കഥാപാത്രത്തോടും അത്രമാത്രം ഇണങ്ങി ജീവിച്ച നടനായിരുന്നു അദ്ദേഹം.
ഇന്ന് രാവിലെ ഡയാലിസിനായി കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നാണ് ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ 8.30 ഓടെയായിരുന്നു അന്ത്യം. 48 വർഷം നീണ്ട ചലച്ചിത്ര ജീവിതത്തിൽ ഇരുന്നൂറിലധികം സിനിമകളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം വിടവാങ്ങിയത്.