തിരുവനന്തപുരം: മലപ്പുറം, കാസർഗോഡ് ജില്ലകളിലെ ജനപ്രതിനിധികളെ പരാമർശിച്ചുകൊണ്ടുള്ള മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയിൽ സിപിഎം സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയെന്ന് സൂചന. സർക്കാരിനെയും പാർട്ടിയെയും പ്രതിരോധത്തിലാക്കുന്ന ഇത്തരം അനാവശ്യ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകിയെന്നാണ് വിവരം.(Minister Saji Cherian's controversial statement, CPM dissatisfied?)
വർഗീയതയെ എതിർക്കുമ്പോൾ ഒരു പ്രത്യേക സമുദായത്തെയോ പ്രദേശത്തെയോ ലക്ഷ്യം വെക്കുന്ന രീതിയിലുള്ള പ്രയോഗങ്ങൾ രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന് നേതൃത്വം കരുതുന്നു. ജാഗ്രതയില്ലാതെ ഇത്തരം കാര്യങ്ങൾ പറയുന്നത് ശരിയല്ലെന്നും നേതൃത്വം അറിയിച്ചു.
വിഷയത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഒഴിഞ്ഞുമാറിയത് നേതൃത്വത്തിന്റെ അതൃപ്തിയുടെ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ കാണുന്നത്.