എറണാകുളം: തമ്മനം കൂത്താപ്പാടിയിൽ വാട്ടർ അതോറിറ്റിയുടെ കൂറ്റൻ ജലസംഭരണി തകർന്നതിനെ തുടർന്ന് എറണാകുളത്തെ കുടിവെള്ള വിതരണം വൈകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. അടിയന്തര യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. പ്രാഥമികമായി 12.5 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായും ജില്ലാ കളക്ടറുടെ റിപ്പോർട്ടിലുണ്ട്. കൂത്താപ്പാടിയിലുള്ള, 1.35 കോടി ലിറ്റർ സംഭരണശേഷിയുള്ള ടാങ്കാണ് പുലർച്ചെ 2.30 ഓടെ തകർന്നത്. ഇതിലെ ഒരു കോടി പത്തുലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഇരച്ചെത്തി.(Minister Roshy Augustine says drinking water supply will be delayed in Kochi)
കുടിവെള്ളത്തിന്റെ പമ്പിങ് നാളെ വൈകിട്ടോ മറ്റന്നാളോ ആയി മാത്രമേ പുനരാരംഭിക്കാൻ കഴിയൂ. പമ്പിങ് പുനരാരംഭിച്ചാൽ പ്രതിസന്ധി മറികടക്കാൻ ദിവസേന മൂന്ന് തവണ പമ്പിങ് നടത്തും. വെള്ളം എത്താത്ത പ്രദേശങ്ങളിലേക്ക് ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കാനുള്ള സൗകര്യങ്ങൾ അടിയന്തരമായി ഏർപ്പെടുത്തും.
സംഭരണിയുടെ 1.35 കോടി ലിറ്റർ ശേഷിയുള്ള രണ്ടു കമ്പാർട്ട്‌മെന്റുകളിൽ ഒരെണ്ണമാണ് തകർന്നത്. കുടിവെള്ള വിതരണം തടസ്സപ്പെടാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും, പമ്പിങ്ങിന്റെ സമയക്രമം കുറയ്ക്കുമ്പോൾ പ്രഷർ മാനേജ്‌മെന്റിന്റെ ഭാഗമായി വാലറ്റത്ത് ഉള്ളവർക്ക് ലഭിക്കുന്ന ജലത്തിന്റെ അളവിൽ കുറവു വരാൻ സാധ്യതയുണ്ട്.
ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. ടാങ്ക് തകർന്നതിനെ തുടർന്ന് കൊച്ചി നഗരത്തിന്റെ ചില പ്രദേശങ്ങൾ, തൃപ്പൂണിത്തുറ, പേട്ട ഭാഗങ്ങളിലായിരിക്കും പ്രധാനമായും കുടിവെള്ള പ്രതിസന്ധി ഉണ്ടാകുക. മൊത്തം കുടിവെള്ള വിതരണത്തിന്റെ 30% ത്തോളം മുടങ്ങുമെന്നാണ് പ്രാഥമിക നിഗമനം.
കാലപ്പഴക്കം കാരണം ഒരു ഭാഗം തെന്നി മാറിയതാണ് ടാങ്ക് തകരാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം. പ്രളയ സമാനമായി ഇരച്ചെത്തിയ വെള്ളം വീടുകളിൽ കയറുകയും നിരവധി വാഹനങ്ങളും മതിലും റോഡുകളും തകർക്കുകയും ചെയ്തു.