
തിരുവനന്തപുരം : ചാന്‍സലറായാലും വൈസ് ചാന്‍സലറായാലും വിദ്യാര്‍ഥികളുടെ ഗുണമേന്മ ആധാരമാക്കിയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു.വൈസ് ചാന്‍സലര്‍ വിഷയത്തില്‍ കോടതിവിധി സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തിന്റെ താല്‍പര്യങ്ങളോടൊപ്പം നില്‍ക്കേണ്ട ബാധ്യതയാണ് ഗവര്‍ണര്‍ക്കുള്ളത്.ഗവർണർ സ്വീകരിച്ച നടപടികൾ നിയമവിരുദ്ധമാണെന്ന് കോടതി ഉത്തരവിലൂടെ തെളിഞ്ഞു.ഗവർണർ നടത്തിയ നിയമവിരുദ്ധമായ നടപടി കോടതി തള്ളിയിരിക്കുന്നു. കുറേക്കാലങ്ങളായി സർക്കാർ പറയുന്ന കാര്യങ്ങൾ ശരിയാണെന്നതാണ് തുടർച്ചയായി വരുന്ന കോടതി വിധികൾ വ്യക്തമാക്കുന്നത്. സർവകലാശാലകളുമായി ബന്ധപ്പെട്ട് ചാൻസലർക്ക് അധികാരങ്ങളുണ്ട്. പക്ഷേ ആ അധികാരപരിധിക്ക് അപ്പുറത്തേക്ക് പോകുന്നത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
ചാന്‍സലറായാലും വൈസ് ചാന്‍സലറായാലും വിദ്യാര്‍ഥികളുടെ ഗുണമേന്മ ആധാരമാക്കിയാണ് അവര്‍ പ്രവര്‍ത്തിക്കേണ്ടത്. ചാന്‍സലര്‍ എന്ന നിലയില്‍, അതുപോലെ ഗവര്‍ണര്‍ എന്ന നിലയില്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങളോടൊപ്പം നില്‍ക്കേണ്ട ബാധ്യതയാണ് അവര്‍ക്കുള്ളത്. ഭരണഘടനാദത്തമായിട്ടുള്ള വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെയാണ് അവര്‍ പ്രവര്‍ത്തിക്കേണ്ടത്. കേരള ഗവണ്‍മെന്റുമായി കൂടിയാലോചിച്ച് ചെയ്യേണ്ട കാര്യങ്ങള്‍ അപ്രകാരം തന്നെ ചെയ്യേണ്ടതുണ്ട്.
ഏകപക്ഷീയമായി സങ്കുചിത രാഷ്ട്രീയതാല്‍പര്യങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുമ്പോള്‍ ഫെഡറല്‍ സ്വഭാവത്തിന്റെ കടയ്ക്കല്‍ കത്തി വെയ്ക്കുകയാണ് ചെയ്യുന്നത്. അമിതാധിക ഏകാധിപത്യ പ്രവണതയാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. അത് തീര്‍ച്ചയായും അനുയോജ്യമായിട്ടുള്ള നിലപാടല്ല.
സർവകലാശാലകളുടെ നിയമങ്ങളാകെ നിർമിക്കുന്നത് കേരള നിയമസഭയാണ്. നിയമസഭ ഉണ്ടാക്കിയ നിയമങ്ങളെ ആധാരമാക്കികൂടെയാണ് സർവകലാശാലകൾ പ്രവർത്തിക്കുന്നത്. ആ സർവകലാശാലകളുടെ പൂർണമായ മേൽനോട്ടം സംസ്ഥാന സർക്കാരിനാണ്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പാനലില്‍ നിന്നാണ് വൈസ് ചാന്‍സലറെ നിയോഗിക്കേണ്ടത്.
കോടതിവിധി ലഭ്യമായാലുടനെ അതുമായി ബന്ധപ്പെട്ടുള്ള തുടര്‍നടപടികളിലേക്ക് പ്രവേശിക്കും. ഓരോ സംവിധാനത്തിനും അവരവരുടേതായ ചുമതലകളുണ്ട്. ആ ചുമതലകള്‍ തിരിച്ചറിഞ്ഞ് അതനുസരിച്ച് എല്ലാവരും പ്രവര്‍ത്തിച്ചാല്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാകില്ല. നമ്മുടെ അക്കാദമികമായ ഗുണമേന്മയെ സംബന്ധിച്ചാണ് എല്ലാവരും ചിന്തിക്കേണ്ടത്.