കോഴിക്കോട്: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ നടൻ മമ്മൂട്ടി സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. സിപിഎം ജില്ലാ സെക്രട്ടറിമാർ എവിടെയും ഇടിച്ചുകയറുന്നവരല്ലെന്നും ദുരന്തബാധിത പ്രദേശത്ത് ആദ്യഘട്ടം മുതൽ സജീവമായി പ്രവർത്തിക്കുന്നവരാണെന്നും മന്ത്രി പറഞ്ഞു.(Minister PA Mohammed Riyas about actor Mammootty’s Wayanad township visit)
മമ്മൂട്ടിയുടെ സന്ദർശനം സദുദ്ദേശ്യപരമാണെന്നും റിയാസ് വ്യക്തമാക്കി. ടൗൺഷിപ്പ് സന്ദർശനം ഒരു സ്വകാര്യ ചടങ്ങായി നിലനിർത്താനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. ദുരന്ത മേഖലയിൽ സജീവമായി പ്രവർത്തിച്ച ആളെന്ന നിലയിലാണ് ജില്ലാ സെക്രട്ടറി അവിടെ എത്തിയത്. നേതാക്കൾ ജനങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ചപ്പോഴാണ് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ചത്.
ടി. സിദ്ദിഖ് എംഎൽഎയെ കൂക്കിവിളിച്ച നടപടി ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. പ്രാദേശികമായ ചില പ്രശ്നങ്ങളുടെ ഭാഗമാകാം അത്തരം പ്രതിഷേധങ്ങൾ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെന്നൈയിൽ നിന്ന് മമ്മൂട്ടി വയനാട്ടിലെത്തിയത് മാധ്യമങ്ങളെ പോലും അറിയിക്കാതെയായിരുന്നു. സംഭവത്തിൽ അദ്ദേഹത്തിനെതിരെ സൈബർ ആക്രമണം ഉണ്ടായിരുന്നു.

