കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതിയുടെ വിധിക്കെതിരെ അപ്പീൽ പോകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. വ്യവസായ മന്ത്രി പി. രാജീവ് ആണ് സർക്കാരിന്റെ ഈ സുപ്രധാന തീരുമാനം അറിയിച്ചത്.(Minister P Rajeev on the court verdict acquitting Dileep on Actress assault case)
മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചെന്നും, അതിജീവിതയ്‌ക്കൊപ്പമാണ് സർക്കാരെന്നും മന്ത്രി വ്യക്തമാക്കി. പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കുമെന്ന സൂചന നേരത്തെ തന്നെ പബ്ലിക് പ്രോസിക്യൂട്ടർ നൽകിയിരുന്നു. നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ എട്ട് വർഷത്തെ വിചാരണയ്ക്ക് ശേഷമാണ് തിങ്കളാഴ്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് വിധി പ്രസ്താവിച്ചത്.
കേസിൽ ഒന്ന് മുതൽ ആറ് വരെ ഉള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി. ഇവർക്കുള്ള ശിക്ഷ ഈ മാസം 12-ന് വിധിക്കും. എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെതിരായുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ല എന്ന് കണ്ടെത്തിയാണ് കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്.