‘മനുഷ്യർ ഇത്ര ചെറുതായിപ്പോകാമോ ?’: മന്ത്രി എം ബി രാജേഷ് | Minister MB Rajesh’s facebook post

എതിർ സ്ഥാനാർത്ഥിയെ ശത്രു എന്ന നിലയിൽ കാണുന്ന തരത്തിലുള്ള രാഷ്ട്രീയ സംസ്ക്കാരം നിന്ദ്യമാണെന്നാണ് അദ്ദേഹം പറഞ്ഞത്
‘മനുഷ്യർ ഇത്ര ചെറുതായിപ്പോകാമോ ?’: മന്ത്രി എം ബി രാജേഷ് | Minister MB Rajesh’s facebook post
Published on

പാലക്കാട്: വിവാഹ വീട്ടിൽ വോട്ട് ചോദിക്കാനെത്തിയ പാലക്കാട്ടെ ഇടത് സ്വതന്ത്രൻ ഡോ പി സരിനെ അവഗണിച്ച യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെയും, ഷാഫി പറമ്പിൽ എം പിയെയും വിമർശിച്ച് മന്ത്രി എം ബി രാജേഷ് രംഗത്തെത്തി.(Minister MB Rajesh's facebook post )

അദ്ദേഹം സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ ചോദിച്ചത് പരസ്പരം എതിർ സ്ഥാനാർത്ഥികളായി മത്സരിക്കുന്നുവെന്നത് കണ്ടാൽ മിണ്ടാത്ത ശത്രുതയാകുമോ എന്നാണ്. എതിർ സ്ഥാനാർത്ഥിയെ ശത്രു എന്ന നിലയിൽ കാണുന്ന തരത്തിലുള്ള രാഷ്ട്രീയ സംസ്ക്കാരം നിന്ദ്യമാണെന്നാണ് അദ്ദേഹം പറഞ്ഞത്. സരിൻ ശരിയായ കാര്യമാണ് ചെയ്തതെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു.

എം ബി രാജേഷിൻ്റെ കുറിപ്പിൻ്റെ പൂർണരൂപം

മനുഷ്യർ ഇത്ര ചെറുതായിപ്പോകാമോ?

എത്ര വിനയം അഭിനയിക്കാൻ ശ്രമിച്ചാലും ഉള്ളിലുള്ള യഥാർത്ഥ സംസ്കാരം ചില സന്ദർഭങ്ങളിൽ പുറത്തുചാടും. ഇന്ന് കല്യാണവീട്ടിൽ വെച്ച് പാലക്കാടെ യുഡിഎഫ് സ്ഥാനാർത്ഥിയും അദ്ദേഹത്തിന്റെ സ്പോൺസർ വടകര എം പിയും ഡോ. സരിനോട് ചെയ്തത് അതാണ്.

പരസ്പരം എതിർ സ്ഥാനാർത്ഥികളായി മത്സരിക്കുന്നു എന്നത്, കണ്ടാൽ മിണ്ടാത്ത ശത്രുതയാകുമോ? രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും എല്ലാക്കാലത്തുമുണ്ടായിട്ടുള്ള ചില സാമാന്യ മര്യാദകളുണ്ട്. അതിനൊന്നും ഒരു വിലയും കല്പിക്കാത്ത പെരുമാറ്റമാണ് ഇന്ന് അവരിൽ നിന്നുണ്ടായത്.
എനിക്കെതിരെ ആദ്യം മത്സരിച്ചത് ശ്രീ. സതീശൻ പാച്ചേനിയായിരുന്നു. മത്സരിച്ചപ്പോഴും അദ്ദേഹം അടുത്തിടെ മരിക്കുന്നതു വരെയും സൗഹൃദത്തിന് ഒട്ടും കുറവില്ലായിരുന്നു. ശ്രീ. എം പി വീരേന്ദ്രകുമാറുമായി വാശിയേറിയ മത്സരമായിരുന്നു. അതിനിടയിൽ കണ്ടുമുട്ടിയപ്പോഴൊന്നും കൈകൊടുക്കാതെയോ മിണ്ടാതെയോ പരസ്പരം മുഖം തിരിച്ചിട്ടില്ല. ശ്രീ. വി കെ ശ്രീകണ്ഠനോട് 2019 ൽ ഞാൻ പരാജയപ്പെട്ടത് അപ്രതീക്ഷിതമായിരുന്നു. പിറ്റേന്ന് ഞാൻ അദ്ദേഹത്തെ വിളിച്ച് അഭിനന്ദനം അറിയിച്ചു. കുറച്ചുദിവസം കഴിഞ്ഞൊരുനാൾ അതുവഴി പോകുമ്പോൾ ശ്രീകണ്ഠൻ എൻ്റെ വീട്ടിൽ വന്ന് ഭക്ഷണവും കഴിച്ച് സൗഹൃദ സംഭാഷണവും നടത്തിയാണ് മടങ്ങിയത്. തൃത്താലയിൽ ശ്രീ. വി ടി ബൽറാമുമായുള്ള മത്സരത്തിലെ വാശി കടുപ്പമേറിയതായിരുന്നു. പക്ഷേ അന്നുപോലും പരസ്പരം കൈകൊടുക്കാതിരിക്കാനോ മിണ്ടാതെ മുഖം തിരിക്കാനോ ഞങ്ങൾ മുതിർന്നിട്ടില്ല.

എതിർ സ്ഥാനാർത്ഥിയെ ശത്രുവായി കാണുന്ന രാഷ്ട്രീയ സംസ്കാരം നിന്ദ്യമാണ്. ഡോ. സരിൻ തൻ്റെ എതിർ സ്ഥാനാർത്ഥിയെ അങ്ങോട്ട് wish ചെയ്യാൻ തയ്യാറായത് ശരിയായ നടപടിയാണ്. പക്വതയും വിവേകവുമുള്ള ഒരു പൊതുപ്രവർത്തകൻ അങ്ങിനെയാണ് ചെയ്യേണ്ടത്. അവരുടെ പെരുമാറ്റം സരിനല്ല അപമാനമുണ്ടാക്കിയത്. യു ഡി എഫ് സ്ഥാനാർഥിയുടെയും സ്പോൺസറുടെയും പെരുമാറ്റം ജനം അളക്കും

Related Stories

No stories found.
Times Kerala
timeskerala.com