തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ സ്മാർട്ട് സിറ്റി ഇലക്ട്രിക് ബസുകളുടെ സർവീസിനെച്ചൊല്ലി ഗതാഗത വകുപ്പും തിരുവനന്തപുരം കോർപ്പറേഷനും തമ്മിലുണ്ടായിരുന്ന വാക്കേറ്റത്തിന് താൽക്കാലിക വിരാമം. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി മേയർ വി.വി. രാജേഷ് നടത്തിയ ചർച്ചയിൽ, ഇ-ബസ് സർവീസുകൾ നിലവിലുള്ളതുപോലെ തന്നെ മുന്നോട്ട് കൊണ്ടുപോകാൻ ധാരണയായി.( Minister KB Ganesh Kumar and Mayor meets over e-bus controversy)
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കോർപ്പറേഷൻ വാങ്ങിയ ഇലക്ട്രിക് ബസുകൾ കെഎസ്ആർടിസി ലാഭകരമല്ലാത്ത രീതിയിൽ നഗരത്തിന് പുറത്തേക്ക് സർവീസ് നടത്തുന്നുവെന്നും, കരാർ പ്രകാരമുള്ള ലാഭവിഹിതം കോർപ്പറേഷന് നൽകുന്നില്ലെന്നും മേയർ ആരോപിച്ചിരുന്നു. ഇതിനു മറുപടിയായി, കോർപ്പറേഷന് താല്പര്യമില്ലെങ്കിൽ ബസുകൾ 24 മണിക്കൂറിനുള്ളിൽ തിരിച്ചുനൽകാൻ തയ്യാറാണെന്നും കെഎസ്ആർടിസി സ്വന്തം ബസുകൾ ഇറക്കുമെന്നും മന്ത്രി ഗണേഷ് കുമാർ തിരിച്ചടിച്ചിരുന്നു.
നിലവിൽ ഇലക്ട്രിക് ബസുകൾ നടത്തുന്ന സർവീസുകളിൽ മാറ്റം വരുത്തില്ല. ബസുകൾ തിരിച്ചെടുക്കാൻ ഉദ്ദേശമില്ലെന്ന് മേയറും, ബസ് നടത്തിക്കൊണ്ടുപോകാൻ കെഎസ്ആർടിസി സജ്ജമാണെന്ന് മന്ത്രിയും വ്യക്തമാക്കിയതോടെ വിവാദങ്ങൾ അവസാനിച്ചതായാണ് സൂചന. എല്ലാ മന്ത്രിമാരെയും നേരിട്ട് കാണുന്നതിന്റെ ഭാഗമായാണ് ഗതാഗത മന്ത്രിയെയും കണ്ടതെന്ന് മേയർ വി.വി. രാജേഷ് പ്രതികരിച്ചു.