'പൊതു ഗതാഗതത്തിന് ഒറ്റ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തുന്നത് പരിശോധിക്കും': മന്ത്രി KB ഗണേഷ് കുമാർ | Public transport

റോഡ് സേഫ്റ്റി കേഡറ്റ് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും
Minister KB Ganesh Kumar about single ticket system for public transport
Published on

തിരുവനന്തപുരം: റോഡ്, മെട്രോ, ജലഗതാഗതം എന്നിവയെ പരസ്പരം ബന്ധിപ്പിച്ച് ഒറ്റ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തുന്നത് പരിശോധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. ഒറ്റ ടിക്കറ്റെടുക്കുന്ന വ്യക്തിക്ക് ഈ മൂന്ന് സൗകര്യങ്ങളും ഉപയോഗിക്കാൻ കഴിയുന്നത് പൊതുഗതാഗതത്തെ കൂടുതൽ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു. 'വിഷൻ 2031'-ന്റെ ഭാഗമായി ഗതാഗത വകുപ്പ് സംഘടിപ്പിച്ച സെമിനാറിലാണ് ഈ നിർദേശം ഉയർന്നുവന്നത്.(Minister KB Ganesh Kumar about single ticket system for public transport)

ചർച്ചയിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ജല, റോഡ് ഗതാഗതത്തെ ബന്ധിപ്പിച്ച് ട്രാൻസ്പോർട്ട് ഹബിന്റെ സാധ്യത പരിശോധിക്കും. നിലവിൽ എറണാകുളം വൈറ്റില ഹബിൽ ഇത് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശീയ പാതയോരങ്ങളിൽ ഗ്രാമപഞ്ചായത്തുകൾ സ്ഥലം വിട്ടുനൽകുകയാണെങ്കിൽ കണ്ടെയ്‌നറുകൾ പോലുള്ള വലിയ വാഹനങ്ങൾക്കായി പാർക്കിംഗ് സൗകര്യം ഒരുക്കും. എൻഫോഴ്സ്മെന്റ് ഏജൻസികളിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കും. റോഡിന്റെ വശങ്ങളിലെ നടപ്പാതകളിൽ സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കും.

അനധികൃത പാർക്കിംഗ് സംബന്ധിച്ച പരാതികൾ ഉയർന്ന സാഹചര്യത്തിൽ, കുറഞ്ഞ സ്ഥലത്ത് കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ലിഫ്റ്റ് വഴിയുള്ള മൾട്ടിലെവൽ പാർക്കിംഗ് സമുച്ചയം ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കും.

മറ്റു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിയെ കൂടുതൽ മെച്ചപ്പെടുത്തും. ആവശ്യക്കാർ ഏറെയുള്ള ഓണം പോലുള്ള ആഘോഷ വേളയിൽ കൂടുതൽ വാഹനങ്ങൾ ഓടിക്കും. കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിലും മോട്ടോർ വാഹന വകുപ്പിന്റെ സ്വന്തം കെട്ടിടങ്ങളുടെ മുകളിലും സൗരോർജ്ജ പദ്ധതിയുടെ സാധ്യത പരിശോധിക്കും.

കണ്ടെയ്‌നർ ഡ്രൈവർമാർക്ക് പ്രത്യേക ലൈസൻസ് ഏർപ്പെടുത്തുന്നത് പരിഗണനയിലുണ്ട്. മലിനീകരണം തടയാൻ ജലഗതാഗതം പ്രോത്സാഹിപ്പിക്കണമെന്ന നിർദേശവും ഉയർന്നു. സോളാറിൽ പ്രവർത്തിക്കുന്ന ഏഷ്യയിലെ ആദ്യ റോ-റോ ബോട്ട് ജലഗതാഗത വകുപ്പ് വൈകാതെ അവതരിപ്പിക്കും. കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിനൊപ്പം ജലഗതാഗതം പ്രോത്സാഹിപ്പിക്കും; കുട്ടനാട് അടക്കം ഇതിന് വലിയ സാധ്യതയുണ്ട്. കെഎസ്ആർടിസി നടപ്പാക്കിയ ചലോ ആപ്പ്, ട്രാവൽ കാർഡ് പദ്ധതി തുടങ്ങിയവ ജലഗതാഗത മേഖലയിലും വ്യാപിപ്പിക്കും.

പോലീസ്, സ്റ്റുഡന്റ് കേഡറ്റ്, എൻസിസി മാതൃകയിൽ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി റോഡ് സേഫ്റ്റി കേഡറ്റ് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും. കുട്ടികൾക്ക് ട്രാഫിക് ബോധവൽക്കരണം നൽകുകയും ഗതാഗത കുരുക്ക് പരിഹരിക്കാൻ പ്രാപ്തരാക്കുകയുമാണ് ഇതിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com