കോഴിക്കോട്: ലൈംഗിക ആരോപണം ഉയർന്നതിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് വീണ്ടും വാർത്തകളിൽ നിറയുന്നു. പാലക്കാട് നടന്ന ജില്ലാ പട്ടയമേളയിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിക്കൊപ്പം രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. വേദി പങ്കിട്ടതാണ് ഏറ്റവും പുതിയ സംഭവം. മന്ത്രി കൃഷ്ണൻകുട്ടിക്കു പുറമെ ശാന്തകുമാരി എം.എൽ.എ.യും രാഹുലിനൊപ്പം വേദിയിൽ ഉണ്ടായിരുന്നു.(Minister K Krishnankutty shares the stage with Rahul Mamkootatil MLA)
ലൈംഗിക ആരോപണം ഉയർന്ന ശേഷം ഇതാദ്യമായാണ് രാഹുൽ മാങ്കൂട്ടത്തിൽ ഒരു മന്ത്രിക്കും മറ്റ് എം.എൽ.എമാർക്കുമൊപ്പം ഔദ്യോഗിക വേദി പങ്കിടുന്നത്. കഴിഞ്ഞ ദിവസം, രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പാലക്കാട് ബി.ജെ.പി. ഭരിക്കുന്ന നഗരസഭയുടെ അധ്യക്ഷ പ്രമീള ശശിധരൻ പങ്കെടുത്തത് വലിയ വിവാദമായിരുന്നു.
നഗരത്തിലെ സ്റ്റേഡിയം ബൈപാസ് റോഡ് ഉദ്ഘാടനത്തിലാണ് രാഹുലിനൊപ്പം ചെയർപേഴ്സൺ പ്രമീള ശശിധരൻ പങ്കെടുത്തത്. രാഹുലിനെതിരെ ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ, അദ്ദേഹത്തെ പൊതുപരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്നായിരുന്നു ബി.ജെ.പി.യുടെ ശക്തമായ നിലപാട്. ഇതിന് വിരുദ്ധമായി പാർട്ടി ഭരിക്കുന്ന നഗരസഭയുടെ ചെയർപേഴ്സൺ തന്നെ പരിപാടിയിൽ പങ്കെടുത്തതിൽ ബി.ജെ.പി. നേതൃത്വം കടുത്ത അതൃപ്തിയിലാണ്.
നേതൃത്വത്തെ അറിയിക്കാതെയാണ് ചെയർപേഴ്സൺ പങ്കെടുത്തതെന്നാണ് ബി.ജെ.പി. ജില്ലാ നേതൃത്വം ഇതിന് നൽകിയ വിശദീകരണം. നേരത്തെ നഗരസഭയുടെ പരിപാടിയിൽ പങ്കെടുക്കരുതെന്ന് ചൂണ്ടിക്കാട്ടി വൈസ് ചെയർപേഴ്സൺ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് കത്ത് നൽകിയിരുന്നു.
ബി.ജെ.പി.യുടെ പ്രതിഷേധ നിലപാടുകൾക്കിടയിലും ഔദ്യോഗിക പരിപാടികളിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. സജീവമായി പങ്കെടുക്കുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാവുകയാണ്.