തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തനിക്കെതിരെ നടത്തിയ വിമർശനങ്ങളോട് പ്രതികരിച്ച് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. ശിവൻകുട്ടി അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്നാണ് ജി.ആർ. അനിൽ പ്രമുഖ മാധ്യമത്തോട് പറഞ്ഞത്.(Minister GR Anil says he did not say any derogatory words)
"ഞങ്ങൾ തമ്മിൽ കോളേജ് വിദ്യാർത്ഥികൾ ആയിരുന്ന കാലം മുതൽ അടുപ്പമുണ്ട്. സംഘടനകളുടെ നേതാക്കളായിരുന്ന കാലം മുതൽ പരിചയമുണ്ട്," താൻ ഒരിക്കലും മോശപ്പെടുത്തുന്ന വാക്ക് പറയുന്ന ആളല്ല എന്നും, അദ്ദേഹവും തന്നെപ്പറ്റി അങ്ങനെ പറയില്ലെന്നും ജി.ആർ. അനിൽ കൂട്ടിച്ചേർത്തു.
സി.പി.ഐ. ഓഫീസായ എം.എൻ. സ്മാരകത്തിൽ വെച്ച് താൻ ശിവൻകുട്ടിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ ശിവൻകുട്ടി തന്നെപ്പറ്റി മോശം പറയുമെന്ന് കരുതുന്നില്ലെന്നും ജി.ആർ. അനിൽ കൂട്ടിച്ചേർത്തു.
പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ. നേതാക്കളുമായി സമവായത്തിലെത്തിയ ശേഷമാണ് വി. ശിവൻകുട്ടി പരസ്യമായി അതൃപ്തി അറിയിച്ചത്. ജി.ആർ. അനിൽ സി.പി.ഐ. ഓഫീസിനു മുന്നിൽ വെച്ച് തന്നെ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്ന് ശിവൻകുട്ടി ആരോപിച്ചു. ബിനോയ് വിശ്വത്തെ ഫോണിൽ വിളിച്ച ശേഷമാണ് താൻ ഓഫീസിൽ പോയത്. എന്നാൽ, അനിലിൻ്റെ പ്രതികരണം "ഒരാൾ ഓഫീസിൽ വന്നാൽ സംസാരിക്കണമല്ലോ" എന്ന തരത്തിലായിരുന്നുവെന്നും അത് മര്യാദയില്ലാത്ത സംസ്കാരമാണെന്നും ശിവൻകുട്ടി വിമർശിച്ചു.
പ്രകാശ് ബാബു സി.പി.എം. നേതാവ് എം.എ. ബേബിയെ അവഹേളിച്ചു. "ബേബി നിസ്സഹായനാണ്", "സഹതാപമുണ്ട്" എന്നൊക്കെയുള്ള പ്രകാശ് ബാബുവിൻ്റെ വാക്കുകൾ തീരെ മര്യാദ കുറഞ്ഞവയാണെന്ന് ശിവൻകുട്ടി ആരോപിച്ചു.
എ.ഐ.എസ്.എഫ്., എ.ഐ.വൈ.എഫ്. എന്നിവ അതിരുകടന്ന് പ്രതിഷേധിച്ചു. കോലം കത്തിച്ചതിലും വീട്ടിലേക്ക് പ്രകടനം നടത്തിയതിലും ബിനോയ് വിശ്വത്തിന് പരാതി നൽകി. തന്നെ വർഗീയ വാദിയാക്കാൻ ശ്രമിച്ചെന്നും ശിവൻകുട്ടി തുറന്നടിച്ചു.