
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ ജനുവരി 27 മുതല്‍ പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍ അനില്‍ വ്യക്തമാക്കി. റേഷന്‍ വ്യാപാരി സംഘടനാ നേതാക്കളുമായി ജി ആർ അനിൽ ചര്‍ച്ച നടത്തി. കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ വ്യാപാരികളോട് കാട്ടുന്ന അവഗണന അവസാനിപ്പിക്കുക, ഭക്ഷ്യധാന്യങ്ങൾക്ക് പകരം പണം നൽകുന്നതിനുള്ള കേന്ദ്ര സർക്കാർ നീക്കം (ഡയറക്ട് പേമെന്റ് സിസ്റ്റം) ഉപേക്ഷിക്കുക, വേതന പാക്കേജ് പരിഷ്കരിക്കുക, കമ്മീഷൻ അതാത് മാസം നൽകുക, റേഷൻ വ്യാപാരികൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏര്‍പ്പെടുത്തുക, റേഷന്‍ വ്യാപാരി ക്ഷേമനിധി ശക്തിപ്പെടുത്തുക, 2021 ലെ KTPDS (Control) Order -ല്‍ ആവശ്യമായ ഭേദഗതി വരുത്തുക എന്നിങ്ങനെ നിരവധിയായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് റേഷന്‍ വ്യാപാരികള്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ചര്‍ച്ചയില്‍ വ്യാപാരികള്‍ ഉന്നയിച്ച ഓരോ ആവശ്യങ്ങളിന്‍മേലും വിശദമായ ചര്‍ച്ച നടത്തുകയുണ്ടായി.
രാജ്യത്തെ പൊതുവിതരണ സംവിധാനത്തെ ദുര്‍ബലപ്പെടുത്തി ഭക്ഷ്യധാന്യങ്ങളുടെ വിതരണം പൂര്‍ണ്ണമായും കോര്‍പ്പറേറ്റ് കുത്തകകളുടെ കൈകളിലേയ്ക്ക് മാറ്റുന്ന നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തി വരുന്നതെന്നും പ്രസ്തുത നിലപാടിനോട് സംസ്ഥാന സര്‍ക്കാരിന് ഒരു തരത്തിലും യോജിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി അഭിപ്രായപ്പെടുകയുണ്ടായി. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നേരിട്ട് പണം നല്‍കുന്ന ഡയറക്ട് ബനിഫിറ്റ് ട്രാന്‍സ്ഫര്‍ (DBT) പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത് രാജ്യത്തെ പൊതുവിതരണ സംവിധാനത്തെ ദുർബലപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ കേരളത്തിന്റെ പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും മന്ത്രി യോഗത്തെ അറിയിച്ചു.