തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് മില്ലുടമകൾ ഉന്നയിച്ച ആരോപണങ്ങൾ തള്ളി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ രംഗത്തെത്തി. കർഷകരെയും സർക്കാരിനെയും തമ്മിൽ തെറ്റിക്കാൻ ഗൂഢശ്രമം നടക്കുന്നുണ്ടെന്ന് മന്ത്രി ആരോപിച്ചു.(Minister GR Anil against mill owners in paddy procurement)
കർഷകരിൽ നിന്ന് ഏറ്റെടുത്ത നെല്ലിന്റെ വില ഈയാഴ്ച തന്നെ നൽകും എന്ന് മന്ത്രി ഉറപ്പുനൽകി. താനും ഉദ്യോഗസ്ഥരും മില്ലുടമകളുമായി സംസാരിച്ചിരുന്നുവെന്നും ഇനിയും ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി. ചില മില്ലുടമകൾ കുറഞ്ഞ വിലയ്ക്ക് നെല്ല് കൊടുക്കാൻ കർഷകരെ നിർബന്ധിച്ച് ചൂഷണത്തിന് ശ്രമം നടത്തിയപ്പോഴാണ് സർക്കാർ ഇടപെട്ടതെന്നും മന്ത്രി പറഞ്ഞു.
ചില മില്ലുടമകൾക്ക് ഗൂഢ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നും മന്ത്രി ആരോപിച്ചു. നെല്ല് സംഭരണം തുടരുകയാണ്. ഇന്നലെ ആലപ്പുഴയിൽ നിന്ന് 24 ലോഡ് നെല്ലെടുത്തു. തൃശൂരിൽ നിന്നും പാലക്കാട് നിന്നും നെല്ല് സംഭരിച്ചു. കൂടുതൽ മില്ലുകൾ സഹകരിക്കാൻ രംഗത്തുവന്നിട്ടുണ്ട്.
സംഭരണം വ്യാപകമാക്കുന്നതുമായി ബന്ധപ്പെട്ട് കൃഷി, വ്യവസായ മന്ത്രിമാരുമായി നാളെ (ബുധനാഴ്ച) ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് നെല്ല് സംഭരണത്തിൽ സർക്കാരും മില്ലുടമകളും രണ്ട് തട്ടിലാണ്.
മുഖ്യമന്ത്രിയുടെ യോഗത്തിന് ശേഷം മന്ത്രിമാർ ആരും ചർച്ചയ്ക്ക് വിളിച്ചില്ലെന്നാണ് മില്ലുടമകളുടെ പ്രധാന ആരോപണം. നെല്ല് സംഭരിക്കാനായി ജൂൺ മാസം മുതൽ സപ്ലൈകോയെ ബന്ധപ്പെട്ടിരുന്നെന്നും എന്നാൽ സർക്കാർ കൃത്യമായ മറുപടി നൽകിയില്ലെന്നുമാണ് മില്ലുടമകൾ കുറ്റപ്പെടുത്തുന്നത്.