
കോഴിക്കോട്: ലയണൽ മെസ്സിയെ കേരളത്തിലേക്ക് ക്ഷണിക്കാൻ ഒരു രൂപ പോലും സംസ്ഥാനം ചെലവഴിച്ചിട്ടില്ലെന്ന കായിക മന്ത്രിയുടെ വാദം പൊളിഞ്ഞു. മെസ്സിയെ ക്ഷണിക്കാൻ പോയതിന് സർക്കാറിന് 13 ലക്ഷം രൂപ ചെലവായെന്ന് വിവരാവകാശരേഖ. മെസ്സിയെയും അർജൻറീന ടീമിനെയും ക്ഷണിക്കാൻ മന്ത്രി സ്പെയിനിലെ മാഡ്രിഡിലേക്ക് പോയിരുന്നു. മെസ്സിയും അർജന്റീന ടീമും ഇതുവരെ കേരളത്തിൽ വരില്ല എന്ന് അറിയിച്ചിട്ടില്ല. എന്നാൽ, വരാനുള്ള സാധ്യതകൾ ഏറെക്കുറെ മങ്ങിത്തുടങ്ങി.
മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും സംസ്ഥാന സർക്കാർ ചെലവഴിച്ചിട്ടില്ല എന്നാണ് മന്ത്രി ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ മെസ്സിയെ ക്ഷണിക്കുന്നതിന് വേണ്ടി മന്ത്രിയും സംഘവും സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിലേക്ക് പോയതിന് 13,04,434 രൂപയാണ് സർക്കാർ ഖജനാവിൽ നിന്ന് ചെലവായത്. അർജന്റീന ടീമിനെ ക്ഷണിക്കുന്നതിന് വേണ്ടി അവരുടെ രാജ്യത്തേക്കോ എഎഫ്എയുടെ ഓഫീസിലേക്കോ പോകേണ്ടതിന് പകരം മന്ത്രി പോയത് സ്പെയിനിലേക്ക്.