
കൊച്ചി: വിദ്യാർത്ഥിയായ മിഹിർ മുഹമ്മദിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കൊച്ചി ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ ആരോപണ വിധേയനായ വൈസ് പ്രിൻസിപ്പലിനെ ജെംസ് മോഡേൺ അക്കാദമി സസ്പെൻ്റ് ചെയ്തു. വൈസ് പ്രിൻസിപ്പൽ ബിനു അസീസിനെയാണ് അന്വേഷണ വിധേയമായി ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. വൈസ് പ്രിൻസിപ്പാളിന്റെ ശിക്ഷാനടപടികൾ മിഹിറിനെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നെന്ന് കുടുംബം പരാതി ആരോപിച്ച പശ്ചാത്തലത്തിലാണ് നടപടി.
വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട പരാതിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നേരിട്ട് അന്വേഷണം നടത്തുമെന്ന് സർക്കാർ വ്യക്തമാക്കി. നാളെ എറണാകുളം കളക്ടറേറ്റിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ സിറ്റിംഗ് നടത്തും. കുട്ടിയുടെ കുടുംബാംഗങ്ങളോടും സ്കൂൾ അധികൃതരോടും നാളെ കളക്ട്രേറ്റിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.