
കൊച്ചി: ജെംസ് സ്കൂളിൽനിന്ന് മിഹിറിനെ പുറത്താക്കിയതല്ലെന്നും അക്രമ സംഭവങ്ങളിൽ മിഹിർ പങ്കാളിയല്ലെന്നും മിഹിറിന്റെ മാതാവ് രജ്‌ന. മിഹിറിനെതിരെ ഗ്ലോബൽ പബ്ലിക് സ്കൂൾ മാനേജ്മെന്റിന്റെ പരാമർശത്തിന് മറുപടി നൽകുകുയായിരുന്നു രജ്ന.
മിഹിറിനെ ജെംസ് സ്കൂളിൽനിന്ന് പുറത്താക്കിയപ്പോൾ പഠിക്കാൻ അവസരം നൽകിയെന്നായിരുന്നു ഗ്ലോബൽ സ്കൂൾ നൽകുന്ന വിശദീകരണം. എന്നാൽ, ജെംസ് സ്കൂളിൽനിന്ന് ട്രാൻസ്ഫർ വാങ്ങി ഗ്ലോബൽ സ്കൂളിൽ പഠനത്തിനായി എത്തിയതാണെന്നും സ്കൂളിൽ അക്രമം നടന്നപ്പോൾ അതിൽ മിഹിർ പങ്കാളി ആയിരുന്നില്ലെന്നും അക്രമത്തിന് കാഴ്ചക്കാരനായി നിൽക്കുക മാത്രമാണ് ചെയ്തതെന്നും രജ്‌ന പറഞ്ഞു.
മിഹിർ പ്രശ്നക്കാരനായിരുന്നുവെന്നും കൂട്ടുകാരുമായി ചേർന്ന് മറ്റൊരു വിദ്യാർത്ഥിയെ ഉപദ്രവിച്ചുവെന്നുമടക്കമുളള ഗുരുതര ആരോപണമായിരുന്നു ഗ്ലോബല്‍ സ്കൂള്‍ അധികൃതര്‍ ഉന്നയിച്ചത്. മുൻപ് പഠിച്ച സ്കൂളിൽ പെൺകുട്ടിയെ ഉപദ്രവിച്ചതിന് ടി സി കിട്ടിയശേഷമാണ് മിഹിർ തങ്ങളുടെ സ്കൂളിലേക്ക് എത്തിയതെന്നും വിദ്യാർത്ഥിക്ക് രണ്ടാമതൊരു അവസരം നൽകുന്നതിന്റെ ഭാഗമായാണ് അഡ്മിഷൻ നൽകിയതെന്നുമായിരുന്നു വിശദീകരണം.