
കൊച്ചി: തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂളിലെ വിദ്യാർഥി റാഗിംഗിനെ തുടർന്ന് ജീവനൊടുക്കിയ സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നേരിട്ട് അന്വേഷണം നടത്തും. നാളെ എറണാകുളം കളക്ടറേറ്റിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ സിറ്റിംഗ് നടത്തും. കുട്ടിയുടെ കുടുംബാംഗങ്ങളോടും സ്കൂൾ അധികൃതരോടും നാളെ കളക്ടറേറ്റിൽ ഹാജരാകാൻ നിർദേശിച്ചു.
ജനുവരി 15 നാണ് മിഹിർ എന്ന 15 വയസ്സുകാരൻ തൃപ്പൂണിത്തുറ ഫ്ലാറ്റിലെ 27 -ാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്. മകന്റെ മരണശേഷം കുടുംബത്തിന് സുഹൃത്തുക്കളിൽ ചിലർ കൈമാറിയ സ്ക്രീൻ ഷോട്ടിൽ നിന്നാണ് ക്രൂരമായ പീഡനത്തിന്റെ ചുരുൾ അഴിയുന്നത്. മിഹിർ പഠിച്ച ഗ്ലോബൽ പബ്ലിക് സ്കൂളിൽ വിദ്യാർത്ഥികളിൽ നിന്ന് ക്രൂരമായ ശാരീരിക- മാനസിക പീഡനം കുട്ടി നേരിട്ടതായി കുടുംബം പരാതിയിൽ പറയുന്നു.