കോഴിക്കോട് : കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് ഗുരുതരമായി പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡിഷ സ്വദേശിയായ ഉദയ് മാഞ്ചിയാണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. നിർമാണത്തിലിരുന്ന വീടിൻ്റെ ചുറ്റുമതിൽ പണിയുന്നതിനിടെ സമീപത്തെ വീടിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീഴുകയായിരുന്നു.(Migrant worker dies in a wall collapse in Kozhikode)
ചുറ്റുമതിൽ നിർമാണത്തിനായി എത്തിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളിൽ ഒരാളാണ് ഉദയ് മാഞ്ചി. കൂടെയുണ്ടായിരുന്ന മറ്റൊരാൾക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഒരു മലയാളിയും ഈ സംഘത്തിൽ ഉണ്ടായിരുന്നു.
സംഭവം നടന്നയുടൻ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇയാളെ പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് വെള്ളിമാടുകുന്നിൽ നിന്നും എത്തിയ ഫയർഫോഴ്സാണ് മതിലിനടിയിൽ കുടുങ്ങിക്കിടന്നിരുന്ന ഉദയ് മാഞ്ചിയെ പുറത്തെടുത്തത്.
ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല. തൊഴിലാളിയുടെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.