
കോഴിക്കോട്: കൂടരഞ്ഞിയിൽ മാല മോഷ്ടിച്ചെന്ന് ആരോപിച്ച് ഇതരസംസ്ഥാന തൊഴിലാളിയായ യുവാവിനെ പോലീസും നാട്ടുകാരും ക്രൂരമായി മർദിച്ചതായി പരാതി. തന്നെ ജോലിക്ക് വിളിച്ചുവരുത്തിയ വീട്ടുടമ സ്വവർഗ്ഗ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചെന്നും, വഴങ്ങാത്തതിനെ തുടർന്ന് വ്യാജ മോഷണക്കേസ് പ്രചരിപ്പിക്കുകയായിരുന്നെന്നും മർദനമേറ്റ ആസാം സ്വദേശി മൊമിനുൾ ഇസ്ലാം ആരോപിച്ചു.
ജോലി കഴിഞ്ഞ ശേഷം ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടിലേക്ക് വരാൻ കൂടരഞ്ഞി സ്വദേശി ആവശ്യപ്പെട്ടു. വീട്ടിലെത്തിയപ്പോൾ മസാജ് ചെയ്യാൻ ആവശ്യപ്പെടുകയും പിന്നാലെ പ്രകൃതിവിരുദ്ധ ബന്ധത്തിന് ശ്രമിക്കുകയുമായിരുന്നു. ഭയന്ന് വീട്ടിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നെന്ന് മൊമിനുൾ ഇസ്ലാം പറയുന്നു.
താൻ ഇറങ്ങിയോടുന്ന സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് വീട്ടുടമ മാല മോഷ്ടിച്ചു എന്ന വ്യാജ പ്രചാരണം നടത്തുകയായിരുന്നു. ഇതിനെത്തുടർന്ന് പോലീസും നാട്ടുകാരും താൻ താമസിക്കുന്ന സ്ഥലത്തെത്തി ക്രൂരമായി മർദിച്ചെന്നും മൊമിനുൾ ഇസ്ലാം പറഞ്ഞു. തുടർന്ന് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
എന്നാൽ, പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ, കാണാതായെന്ന് പറയുന്ന മാല വീട്ടുടമയുടെ വീട്ടിൽ നിന്നുതന്നെ കണ്ടെടുക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ നടപടികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.