മലപ്പുറം: താനൂരില്‍ വോട്ട് ചെയ്ത് വീട്ടിലെത്തിയതിനു പിന്നാലെ മധ്യവയസ്കൻ ഹൃദയാഘാതംമൂലം മരിച്ചു. പകര തീണ്ടാപ്പാറ നന്ദനില്‍ അലവി (50) ആണ് മരണപ്പെട്ടത്. താനാളൂര്‍ ഏഴാംവാർഡ് ഒകെ പാറ മദ്രസയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ന് വോട്ടുചെയ്ത് വീട്ടിലേക്ക് മടങ്ങിയതായിരുന്നു. ഉടൻതന്നെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.കാറ്ററിംഗ് സ്ഥാപന ഉടമയാണ്.
അതേസമയം, സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിംഗോടെ പൂർത്തിയായി. എല്ലാ ജില്ലകളിലും പോളിംഗ് 70 ശതമാനം കടന്നു. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് വയനാടാണ്.
കുറവ് തൃശ്ശൂരും. ഏറ്റവുമൊടുവിൽ പുറത്തുവന്ന കണക്ക് അനുസരിച്ച് 75.85 ശതമാനമാണ് പോളിംഗ്. നൂറിലേറെ ബൂത്തുകളിൽ യന്ത്രത്തകരാർ സംഭവിച്ചിരുന്നു. എന്നാൽ അതൊക്കെ പെട്ടെന്ന് പരിഹരിക്കാൻ സാധിച്ചു. പ്രതിസന്ധി സൃഷ്ടിക്കുന്ന രീതിയിലുള്ള അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.