

തൃശൂർ: ഉപഭോക്താക്കളിൽ സാമ്പത്തിക പരിജ്ഞാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മൈക്രോ ഫിനാൻസ് ഇൻഡസ്ട്രി നെറ്റ് വർക്കും (എംഫിൻ) ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കും ചേർന്ന് മൈക്രോഫിനാൻസ് ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. എംഫിൻ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് മഞ്ജുനാഥ എം എസ് പരിപാടി ഉദ്‌ഘാടനം ചെയ്തു. മൈക്രോഫിനാൻസ് വായ്പകളുടെ ലക്ഷ്യം, ഔപചാരിക-അനൗപചാരിക വായ്പകൾ, ഉത്തരവാദിത്തത്തോടെയുള്ള വായ്പയെടുക്കൽ, തിരിച്ചടവ് പ്രശ്നങ്ങൾ കൈകാര്യം ചെയ്യൽ, പരാതി പരിഹാര സംവിധാനം, സാമ്പത്തിക സാക്ഷരത, ഡിജിറ്റൽ തട്ടിപ്പുകൾ എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തി. സാമ്പത്തിക വിദ്യാഭ്യാസം, നയപരമായ ഇടപെടലുകൾ എന്നിവയിലൂടെ രാജ്യത്തെ എല്ലാവിഭാഗം ആളുകളെയും ഉൾപ്പെടുത്തിയുള്ള സാമ്പത്തിക ശാക്തീകരണത്തിൽ എംഫിൻ സുപ്രധാന പങ്കാണ് വഹിക്കുന്നത്. ചടങ്ങിൽ ലീഡ് ബാങ്ക് മാനേജർ അജയ് ഇ കെ, സൈബർ സെൽ വിഭാഗം അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സുജിത് നമ്പ്യാർ, സാമ്പത്തിക സാക്ഷരതാ കൗൺസിലർ സണ്ണി എ പി, ഇസാഫ് ബാങ്ക് കസ്റ്റമർ സർവീസ് ക്വാളിറ്റി വകുപ്പ് മേധാവി ഡോ. രേഖ മേനോൻ, റീജിയണൽ ഹെഡ് വിജി ഏബ്രഹാം, അസോസിയേറ്റ് വൈസ് പ്രസിഡന്റ് പി വി ജോസ്, ചീഫ് മാനേജർമാരായ ഷീല ബിജോയ്, വർഗീസ് കോശി, കേരള സ്റ്റേറ്റ് അസോസിയേഷൻ ഓഫ് ഫിനാൻഷ്യൽ ഇൻക്ലൂഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് പ്രതിനിധി ജോയൽ ഫ്രഡി എന്നിവർ സംസാരിച്ചു.