ആലപ്പുഴ: കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റിയതിലും, സംസ്ഥാന വിഹിതം വർധിപ്പിച്ചതടക്കമുള്ള പുതിയ പരിഷ്കാരങ്ങളിലും പ്രതിഷേധിച്ച് ജില്ലയിലെ തൊഴിലാളികൾ സമരത്തിലേക്ക്. ഈ മാസം 15-ന് എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ ജില്ലയിലെ 1.95 ലക്ഷം തൊഴിലാളികൾ പങ്കുചേരും.(MGNREGA workers in Alappuzha to go on strike)
മഹാത്മാഗാന്ധിയുടെ പേര് പദ്ധതിയിൽ നിന്ന് ഒഴിവാക്കി 'വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ)' എന്നാണ് കേന്ദ്രം പുതിയ പേരിട്ടിരിക്കുന്നത്. ഇതിനൊപ്പം സാമ്പത്തിക ബാധ്യത സംസ്ഥാനത്തിന് മേൽ അടിച്ചേൽപ്പിക്കുന്ന നീക്കങ്ങളും ഉണ്ടായിട്ടുണ്ട്. കേന്ദ്ര വിഹിതം 60 ശതമാനമായി കുറച്ചു. സംസ്ഥാന വിഹിതം 40 ശതമാനമായി ഉയർത്തി.
കൃഷി സമയങ്ങളിൽ തൊഴിലുറപ്പ് പദ്ധതി പാടില്ലെന്ന പുതിയ വ്യവസ്ഥ തൊഴിൽ ദിനങ്ങളെ സാരമായി ബാധിക്കുമെന്ന് തൊഴിലാളികൾ ആശങ്കപ്പെടുന്നു. തൊഴിൽ ദിനങ്ങൾ 100-ൽ നിന്ന് 125 ആയി ഉയർത്തുമെന്ന് പ്രഖ്യാപനമുണ്ടെങ്കിലും പ്രായോഗികമായി തൊഴിൽ കുറയുന്ന സാഹചര്യമാണുള്ളത്.
കഴിഞ്ഞ വർഷം അരലക്ഷത്തിലേറെ കുടുംബങ്ങൾക്ക് 100 തൊഴിൽദിനം ലഭിച്ച സ്ഥാനത്ത്, ഈ വർഷം ഇതുവരെ ജില്ലയിൽ കേവലം 2,515 കുടുംബങ്ങൾക്ക് മാത്രമാണ് 100 ദിനങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞത്. നിലവിൽ അനുവദിച്ച 57.12 ലക്ഷം തൊഴിൽദിനങ്ങളിൽ ഭൂരിഭാഗവും (52.92 ലക്ഷം) പൂർത്തിയായിക്കഴിഞ്ഞു. ശരാശരി 41 ദിവസത്തെ തൊഴിൽ മാത്രമാണ് ഒരുകുടുംബത്തിന് ഇതുവരെ ലഭിച്ചത്.
ആവശ്യപ്പെടുന്നവർക്ക് തൊഴിൽ നൽകുക എന്ന പദ്ധതിയുടെ അടിസ്ഥാന സ്വഭാവം ഇല്ലാതാകുന്നു. ആധാർ അധിഷ്ഠിത ബാങ്ക് അക്കൗണ്ടില്ലെന്ന പേരിൽ നിരവധി കുടുംബങ്ങളെ പദ്ധതിയിൽ നിന്ന് പുറത്താക്കി. മണ്ണുജല സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള അധികാരം വെട്ടിക്കുറച്ചു. ഓരോ വർഷവും പദ്ധതിക്കായി വകയിരുത്തുന്ന തുക കേന്ദ്രം കുറയ്ക്കുന്നു.