മെട്രോയും റാപ്പിഡ് റെയിലും: തൃശൂർ വികസന വിഷയത്തിൽ പഴയ പോസ്റ്റുകൾ ചർച്ചയാക്കി സുരേഷ് ഗോപി | Metro

എംപിയുടെ നിലപാടുകളിലെ വൈരുദ്ധ്യം സോഷ്യൽ മീഡിയയിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
മെട്രോയും റാപ്പിഡ് റെയിലും: തൃശൂർ വികസന വിഷയത്തിൽ പഴയ പോസ്റ്റുകൾ ചർച്ചയാക്കി സുരേഷ് ഗോപി | Metro
Published on

തൃശൂർ: മെട്രോ റെയിൽ വിഷയത്തിൽ വിശദീകരണവുമായി തൃശൂർ എംപി സുരേഷ് ഗോപി രംഗത്തെത്തിയതോടെ അദ്ദേഹത്തിന്റെ പഴയ സോഷ്യൽ മീഡിയ പോസ്റ്റുകൾ പുതിയ ചർച്ചകൾക്ക് വഴിവെച്ചു. നെടുമ്പാശ്ശേരി മുതൽ തൃശൂരിന്റെ ഉൾപ്രദേശങ്ങൾ വഴി പാലക്കാട് വരെ റാപ്പിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റം (RRTS) ആണ് വേണ്ടതെന്നാണ് നിലവിൽ സുരേഷ് ഗോപി ആവശ്യപ്പെടുന്നത്.(Metro and Rapid Rail, Suresh Gopi's old posts on Thrissur development issue creates debate )

'എസ്.ജി. കോഫി ടൈംസ്' എന്ന പുതിയ ചർച്ചാ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. മെട്രോ ട്രെയിൻ സർവീസ് തൃശൂരിലേക്ക് വരുമെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നെടുമ്പാശ്ശേരി-അങ്കമാലി വരെ മെട്രോ പാത എത്തിയശേഷം അവിടെ നിന്ന് ഉപപാതയായി പാലിയേക്കര കടന്ന് കോയമ്പത്തൂരിലേക്ക് പോകണം എന്നും, മറ്റൊരു ഉപപാതയായി നാട്ടിക, തൃപ്രയാർ, ഗുരുവായൂർ വഴി താനൂരിലും എത്തണം എന്നും അദ്ദേഹം പറയുന്നു.

2024 ഡിസംബർ 22-ന് അദ്ദേഹം പങ്കുവെച്ച ഒരു പോസ്റ്റ് സുരേഷ് ഗോപി റീ ഷെയർ ചെയ്തിട്ടുണ്ട്. കേന്ദ്ര മന്ത്രി മനോഹർ ലാൽ ഖട്ടറുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ചുള്ള ആ പോസ്റ്റിൽ, നെടുമ്പാശ്ശേരിയെ പാലക്കാട്ടുനിന്ന് തൃശൂരിന്റെ ഉൾവഴികളിലൂടെ ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ട റാപ്പിഡ് റെയിൽ ഗതാഗത സംവിധാനത്തെ കുറിച്ചാണ് ചർച്ച ചെയ്തതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ, 2019 ഏപ്രിൽ 10-ന് സുരേഷ് ഗോപി ഫേസ്ബുക്കിൽ പങ്കുവെച്ച മറ്റൊരു പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുകയാണ്. കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കുമെന്നും "ചെയ്യും എന്നത് വെറും വാക്കല്ല" എന്നുമായിരുന്നു ആ പോസ്റ്റ്.

"ദൂരത്തെ കീഴടക്കലാണ് യാത്ര. യാത്ര ചെയ്യാനുള്ള യുദ്ധം നമ്മുടെ നിത്യജീവിതത്തിലെ തലവേദനയായി ഇന്നും അവശേഷിക്കുന്നു. തൃശൂർ-എറണാകുളം യാത്രാദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കേണ്ടതുണ്ട്," എന്ന കുറിപ്പോടെയായിരുന്നു അന്നത്തെ പോസ്റ്റ്. മെട്രോയും റാപ്പിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റവും തമ്മിലുള്ള വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി എംപിയുടെ നിലപാടുകളിലെ വൈരുദ്ധ്യം സോഷ്യൽ മീഡിയയിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com