മലപ്പുറം: അർജൻ്റീന ഫുട്ബോൾ ടീമിൻ്റെ സൂപ്പർ താരം ലയണൽ മെസ്സി കേരളത്തിൽ വരുമെന്ന അവകാശവാദവുമായി കായിക മന്ത്രി വി. അബ്ദുറഹ്മാൻ വീണ്ടും രംഗത്ത്. രണ്ട് ദിവസം മുമ്പ് അർജൻ്റീന ഫുട്ബോൾ ടീമിൻ്റെ മെയിൽ ലഭിച്ചെന്നും, വരുന്ന മാർച്ചിൽ കേരളത്തിൽ വരുമെന്ന് ഉറപ്പ് നൽകിയെന്നും മന്ത്രി അറിയിച്ചു.(Messi will come to Kerala, Sports Minister spouts again amid controversies)
നവംബറിൽ കളി നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നതെന്നും എന്നാൽ സ്റ്റേഡിയത്തിലെ അസൗകര്യം കാരണമാണ് അത് തടസ്സമായതെന്നും മന്ത്രി വിശദീകരിച്ചു.
മെസ്സിയും അർജൻ്റീനയും ഈ വർഷം കൊച്ചിയിൽ എത്തില്ലെന്ന് ഉറപ്പായതോടെ സംസ്ഥാന സർക്കാരിന് മറുപടി പറയേണ്ട നിരവധി ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്. ഔദ്യോഗികമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ, നവീകരണത്തിനെന്ന പേരിൽ കൊച്ചി സ്റ്റേഡിയം പൊളിച്ചിട്ടത് എന്തിനാണ്? സ്റ്റേഡിയം പഴയപടി എപ്പോഴാകും? ടൂർണമെൻ്റുമായി ബന്ധപ്പെട്ട കരാർ വ്യവസ്ഥകൾ എന്തൊക്കെയാണ്? സ്പോൺസറെ കണ്ടെത്തിയത് എങ്ങനെയാണ് എന്നതൊക്കെയാണ് ഈ ചോദ്യങ്ങൾ.
'കളങ്കിതരുമായി കൂട്ടില്ല' എന്ന് നേരത്തെ പ്രഖ്യാപിച്ച സർക്കാർ തന്നെയാണ് മുട്ടിൽ മരംമുറിക്കേസിലെ പ്രതികളെ സ്പോൺസറാക്കിയത് എന്ന ആരോപണവും ശക്തമായി ഉയർന്നിട്ടുണ്ട്. സർക്കാരിൻ്റെ പ്രഖ്യാപനങ്ങളിലെ അവ്യക്തതയും സ്റ്റേഡിയത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥയും ചൂണ്ടിക്കാട്ടി പ്രതിപക്ഷവും പൊതുജനങ്ങളും വിമർശനം തുടരുന്നതിനിടയിലാണ് മാർച്ച് മാസത്തെക്കുറിച്ച് പുതിയ ഉറപ്പുമായി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.