

മലപ്പുറം: അർജന്‍റീന ടീം സൗഹൃദ മത്സരത്തിനായി കേരളത്തിൽ വരുമെന്ന് വീണ്ടും പ്രഖ്യാപിച്ച് കായികമന്ത്രി വി. അബ്ദു റഹ്മാൻ. അടുത്ത വർഷം മാർച്ചിൽ മെസിയും ടീമും വരുമെന്നാണ് പുതിയ പ്രഖ്യാപനം. ഇതു സംബന്ധിച്ച് അർജന്‍റീന ടീമിന്‍റ ഇ-മെയിൽ സന്ദേശം രണ്ട് ദിവസം മുൻപ് വന്നിരുന്നുവെന്നാണ് മന്ത്രിയുടെ അവകാശവാദം. എന്നാൽ, ആ മെയിൽ മന്ത്രി പുറത്തുവിട്ടിട്ടില്ല.
മെസ്സി മാർച്ചിൽ വരുമെന്ന് ഉറപ്പ് നൽകിയതായും, അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ ഇത് സംബന്ധിച്ച് ഉടൻ ഒദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും മന്ത്രി പറയുന്നു. നവംബർ 17നു നിശ്ചയിച്ചിരുന്ന മത്സരം മുടങ്ങാൻ കാരണം കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ അസൗകര്യങ്ങളാണെന്നും മന്ത്രി വ്യക്തമാക്കുന്നു.
അതേസമയം, ഫിഫയുടെ അനുമതി സംബന്ധിച്ച കാര്യങ്ങളിൽ മന്ത്രി വ്യക്തത വരുത്തിയിട്ടില്ല. നേരത്തെ ഒക്റ്റോബറിൽ വരുമെന്നും, പിന്നീട് നവംബറിൽ വരുമെന്നുമായിരുന്നു മന്ത്രി പ്രഖ്യാപിച്ചിരുന്നത്.