കൊച്ചി: മുന്‍നിര ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡീസ് ബെന്‍സ് 2025-ൽ ശക്തമായ വിൽപ്പന പ്രകടനം കാഴ്ച്ച വെച്ചതായി പ്രഖ്യാപിച്ചു. എഎംജി, ബിഇവി പോർട്ട്‌ഫോളിയോയും ഉൾപ്പെടെയുള്ള ടോപ്പ്-എൻഡ് വാഹനങ്ങൾക്കുള്ള വർധിച്ച ഡിമാൻഡും ഇതിന്റെ പ്രധാന കാരണമാണ്. പോർട്ട്‌ഫോളിയോയിലുടനീളമുള്ള മെഴ്സിഡീസ്-ബെൻസ് ഉൽപ്പന്നങ്ങൾ ഉപഭോക്തൃ മുൻഗണനയും വിശ്വസ്തതയും നിലനിർത്താൻ കഴിഞ്ഞു. (Mercedes-Benz)
കൂടാതെ മെഴ്സിഡീസ് ബെന്‍സിന്റെ അത്യാഡംബര വാഹനമായ മെയ്ബാക്ക് ജിഎല്‍എസിന്‍റെ നിര്‍മാണം ഇന്ത്യയിലും ആരംഭിക്കുന്നതായി കമ്പനി അറിയിച്ചു. ഇതോടെ അമേരിക്കയ്ക്ക് പുറത്ത് ഈ അത്യാഡംബര എസ് യുവി തദ്ദേശീയമായി നിര്‍മ്മിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും. മെയ്ബാക്കിന്‍റെ ആഗോള വിപണികളില്‍ ആദ്യ ആഞ്ചിലും ഇന്ത്യ ആദ്യമായി ഇടം നേടി. 2025ല്‍ 19,007 വാഹനങ്ങളാണ് മെഴ്സിഡീസ് ഇന്ത്യ വിറ്റത്.
ടിഇവി- ടോപ് എന്‍ഡ് സെഗ്മെന്‍റില്‍ 11 ശതമാനവും ബിഇവി- ബാറ്ററി വാഹനങ്ങളുടെ വിഭാഗത്തില്‍ 12 ശതമാനവും വളര്‍ച്ച കൈവരിച്ചു. വരുമാനത്തിന്‍റെ കാര്യത്തില്‍ 2025 എക്കാലത്തെയും മികച്ച വര്‍ഷമായിരുന്നു എഎംജി ജി63, എഎംജി സിഎല്‍ഇ53, എഎംജി ജിഎല്‍സി43 എന്നീ മോഡലുകളോടെ ഉയര്‍ന്ന ഡിമാന്‍റ് എഎംജി വിഭാഗത്തില്‍ 34 ശതമാനം വളര്‍ച്ച നേടാന്‍ സഹായകരമായി.
ഇന്ത്യയില്‍ വില്‍ക്കുന്ന ടോപ്-എന്‍ഡ് മെഴ്സിഡീസ് ബെന്‍സ് വാഹനങ്ങളില്‍ 20 ശതമാനവും ഇപ്പോള്‍ ഇവികളാണ്. 2025ല്‍ വിറ്റ ഇലക്ട്രിക് കാറുകളില്‍ 70 ശതമാനവും 1.25 കോടി മുതല്‍ 3.10 കോടി വരെ വിലയുള്ള ടോപ്-എന്‍ഡ് മോഡലുകളായിരുന്നു. ഇക്യൂഎസ് മെയ്ബാക്ക് എസ് യുവി, ഇക്യൂഎസ് എസ് യുവി, ഇക്യൂഎസ് സെഡാൻ, മെഴ്സിഡീസ്-ബെൻസ് ജി580 എന്നിവയ്ക്കാണ് ആവശ്യക്കാരേറെയും.
2026ന്‍റെ തുടക്കത്തില്‍ മെഴ്സിഡീസ് ബെന്‍സ് മെയ്ബാക്ക് ജിഎല്‍എസ് സെലിബ്രേഷന്‍ എഡിഷന്‍ കമ്പനി പുറത്തിറക്കി. 4.10 കോടി രൂപയാണ് വില. കൂടാതെ 5 സീറ്റിന്‍റെ ഇക്യൂഎസ് എസ്യുവി സെലിബ്രേഷന്‍ എഡിഷന്‍ 1.34 കോടി രൂപയ്ക്കും ഏഴ് സീറ്റിന്‍റേത് 1.48 കോടി രൂപയ്ക്കും അവതരിപ്പിച്ചിട്ടുണ്ട്. ഈ മോഡലുകള്‍ക്ക് ഇന്ത്യയില്‍ ലഭിച്ച വലിയ വിജയത്തിന്‍റെ ആഘോഷമായാണ് പ്രത്യേക എഡിഷനുകള്‍ പുറത്തിറക്കിയത്.
ഇലക്ട്രിക് വാഹന ഉപഭോക്താക്കള്‍ക്കായി എംബി.ചാര്‍ജ് പബ്ലിക് എന്ന ഏകീകൃത പബ്ലിക് ചാര്‍ജിംഗ് നെറ്റ്വര്‍ക്കും കമ്പനി അവതരിപ്പിച്ചു. 37 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഈ നെറ്റ്വര്‍ക്ക് ഇന്ത്യയില്‍ 9,000ലധികം ഡിസി ചാര്‍ജിംഗ് പോയിന്‍റുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ചാര്‍ജിംഗ് പോയിന്‍റ് കണ്ടെത്തുന്നതു മുതല്‍ പണമടയ്ക്കല്‍ വരെ ഒരൊറ്റ ഡിജിറ്റല്‍ ഇക്കോസിസ്റ്റത്തിലൂടെ ലഭ്യമാക്കുന്നതാണ് ഈ സംവിധാനം.
മൂല്യത്തെ അധിഷ്ടിതമാക്കിയുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും ഉപഭോക്താക്കള്‍ക്ക് അത്യാഡംബര ഉല്‍പ്പന്നങ്ങള്‍ ഉറപ്പാക്കാനും തങ്ങള്‍ക്ക് സാധിച്ചതായി മെഴ്സിഡീസ് ബെന്‍സ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സന്തോഷ് അയ്യര്‍ പറഞ്ഞു. 2025ല്‍ ടോപ് എന്‍ഡ് വാഹനങ്ങളുടേയും ബിഇവികളുടേയും വിപണിയില്‍ വലിയ വളര്‍ച്ചയാണ് ഉണ്ടായത്. മെയ്ഡ് ഇന്‍ ഇന്ത്യ പദ്ധതിയോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് മെഴ്സിഡീസ് ബെന്‍സ് മെയ്ബാക്ക് ജിഎല്‍എസ് ഇന്ത്യയിയില്‍ നിര്‍മിക്കുന്നത്. 2026ല്‍ ഇന്ത്യയില്‍ 12 പുതിയ മോഡലുകള്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2026ല്‍ മൂന്ന് പുതിയ വിപണികളിലായി 15 പുതിയ ടച്ച്പോയിന്‍റുകള്‍ ആരംഭിക്കും. നിലവിലുള്ള 15 ടച്ച്പോയിന്‍റുകളുടെ നവീകരണവും കമ്പനി ലക്ഷ്യമിടുന്നു. ഇതോടൊപ്പം മെഴ്സിഡീസ് ബെന്‍സ് ഫ്രാഞ്ചൈസി പങ്കാളികളിലൂടെ 450 കോടിയിലധികം രൂപയുടെ നിക്ഷേപം തുടരുമെന്നും കമ്പനി അറിയിച്ചു.