കൊല്ലം : കൊല്ലത്ത് പ്രധാനാധ്യാപികയുടെ മാനസിക പീഡനം മൂലം പ്ലസ് ടു വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു. കൊട്ടാരക്കര ഓടനാവട്ടം കെ ആര്‍ ജി പി എം എച്ച് എസ് എസ്സിലെ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന 17 കാരന്റെ നില ഗുരുതരമാണ്.
ഇക്കഴിഞ്ഞ ജൂണ്‍ 19 ന് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് +2 വിദ്യാര്‍ത്ഥിയായ 17കാരനെതിരെ സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തിരുന്നു. എന്നാല്‍ ചെയ്യാത്ത കുറ്റം അടിച്ചേല്‍പ്പിച്ച് കുറ്റമേല്‍ക്കാന്‍ പ്രിന്‍സിപ്പല്‍ നിർബന്ധിച്ചെന്ന് കുട്ടി വീട്ടുകാരോട് പറഞ്ഞു. സ്ഥലത്തെ സിസിടിവി പരിശോധിക്കണമെന്ന കുട്ടിയുടെ ആവശ്യവും പ്രിന്‍സിപ്പാള്‍ നിരസിച്ചു.
കുറ്റം ഏല്‍ക്കാതിരുന്നതോടെ സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥിക്കെതിരെ പൊലീസില്‍ പരാതി നല്‍കി. സ്റ്റേഷനില്‍ നിന്നും മടങ്ങിയ വിദ്യാര്‍ത്ഥി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായി. ഇതോടെയാണ് അമിതമായി ഗുളികകള്‍ കഴിച്ച് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പ്രിന്‍സിപ്പാളിനെതിരെ വിദ്യാഭ്യാസ മന്ത്രിക്കും പോലീസിലും വീട്ടുകാര്‍ പരാതി നല്‍കി.