

കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നായ 'തന്മാത്ര'യിലെ വിവാദമായ ഇന്റിമേറ്റ് രംഗത്തെക്കുറിച്ച് മനസ്സ് തുറന്ന് നടി മീര വാസുദേവ്. ആ ഒരു രംഗത്തിന്റെ പേരിൽ മാത്രം പല മുൻനിര നടിമാരും സിനിമ വേണ്ടെന്ന് വെച്ചപ്പോഴാണ് താൻ അത് ഏറ്റെടുത്തതെന്ന് മീര പറയുന്നു. ആ രംഗത്തിന്റെ പ്രസക്തിയെക്കുറിച്ചും ഷൂട്ടിംഗ് വേളയിൽ മോഹൻലാൽ നൽകിയ പിന്തുണയെക്കുറിച്ചും മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി.
"എന്തുകൊണ്ട് ഞാൻ ആ വേഷം സ്വീകരിച്ചു?"
സംവിധായകൻ ബ്ലെസിയുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ഈ രംഗത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിരുന്നുവെന്ന് മീര പറയുന്നു. "പല പ്രമുഖ നടിമാരും ഈ രംഗം കാരണം സിനിമ വേണ്ടെന്ന് വെച്ചു. എന്നാൽ കഥാപാത്രങ്ങൾ തമ്മിലുള്ള ആത്മബന്ധം അത്രത്തോളം തീവ്രമാണെന്ന് പ്രേക്ഷകർക്ക് ബോധ്യപ്പെടണമെങ്കിൽ ആ രംഗം അത്യാവശ്യമാണെന്ന് ബ്ലെസി സാർ പറഞ്ഞു. ആ പ്രധാന്യം എനിക്ക് മനസ്സിലായി," താരം വെളിപ്പെടുത്തി.
മോഹൻലാൽ നൽകിയ കംഫർട്ട്
ചിത്രീകരണ വേളയിൽ താൻ കംഫർട്ടബിൾ ആയിരിക്കണമെന്ന നിബന്ധന മീര മുന്നോട്ടുവെച്ചിരുന്നു. വളരെ കുറച്ച് ആളുകൾ മാത്രമേ സെറ്റിൽ ഉണ്ടായിരുന്നുള്ളൂ.
"ഷൂട്ടിംഗ് സമയത്ത് മോഹൻലാൽ സാർ എന്നോട് പലതവണ ക്ഷമ ചോദിച്ചു. ഞങ്ങൾ രണ്ടുപേരും പരസ്പരം കംഫർട്ടബിൾ ആക്കാൻ ശ്രമിച്ചു. അതൊരു പ്രൊഫഷണൽ വർക്ക് മാത്രമായിരുന്നു. ബ്ലെസി സാറും ക്യാമറമാനും ഉൾപ്പെടെ നാലുപേർ മാത്രമാണ് ആ സമയം മുറിയിലുണ്ടായിരുന്നത്. പിന്നീട് ആ സീൻ നെഗറ്റീവ് രീതിയിൽ പ്രചരിക്കപ്പെട്ടെങ്കിലും സിനിമയിൽ അത് വളരെ സ്വാഭാവികമായ ഒന്നായിരുന്നു," മീര കൂട്ടിച്ചേർത്തു.
അവാർഡുകൾ വാരിക്കൂട്ടിയ 'തന്മാത്ര'
2005-ൽ പുറത്തിറങ്ങിയ 'തന്മാത്ര' മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്. അൽഷിമേഴ്‌സ് ബാധിച്ച രമേശൻ നായർ എന്ന കഥാപാത്രത്തെയാണ് ലാൽ അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. മികച്ച ചിത്രം, സംവിധായകൻ, തിരക്കഥ എന്നിങ്ങനെ അഞ്ച് സംസ്ഥാന പുരസ്കാരങ്ങളാണ് ചിത്രം നേടിയത്. ജഗതി ശ്രീകുമാർ, നെടുമുടി വേണു, അർജുൻ ലാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.