

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടി മീനാക്ഷി അനൂപ് ആണ് സോഷ്യൽ മീഡിയയിലെ താരം. 20 വയസ്സുകാരിയായ മീനാക്ഷി സമൂഹത്തിലെ വിവിധ വിഷയങ്ങളെ കുറിച്ച് പറയുന്ന അഭിപ്രായങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നുണ്ട്. മീനാക്ഷി അനൂപിന്റെ സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾക്കെല്ലാം വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ദൈവവിശ്വാസത്തെക്കുറിച്ചും നിരീശ്വരവാദികളെ കുറിച്ചും എല്ലാം മീനാക്ഷി തന്റേതായ നിലപാട് വ്യക്തമാക്കാറുണ്ട്.
കഴിഞ്ഞ ദിവസം 'ദളിത്' എന്ന വിഭാഗത്തെക്കുറിച്ചും അവർക്ക് അങ്ങനെ ഒരു പേര് നൽകിയത് ആരാണ് എന്നതിനെക്കുറിച്ചും നാം പഠിക്കേണ്ടതുണ്ട് എന്ന് മീനാക്ഷി പറഞ്ഞത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കി. ഇപ്പോഴത്തെ കേരള വിദ്യാഭ്യാസത്തിൽ കൊണ്ടുവരേണ്ട മാറ്റങ്ങളെ കുറിച്ച് മീനാക്ഷിയുടെ നിർദ്ദേശങ്ങളാണ് ശ്രദ്ധേയമാകുന്നത്.
കേരള വിദ്യാഭ്യാസത്തിൽ പെട്ടെന്ന് ഒരു അപകടം ഉണ്ടാവുകയാണെങ്കിൽ നാം എന്ത് ചെയ്യണം? എന്നതിനെക്കുറിച്ചും അത്യാവശ്യഘട്ടങ്ങളിൽ സിപിആർ നൽകേണ്ടതിന്റെ പ്രാധാന്യവും അതെങ്ങനെ നൽകണമെന്ന കാര്യങ്ങളെക്കുറിച്ചും കുട്ടികൾക്ക് പഠിപ്പിച്ചു നൽകണമെന്നും അത് സിലബസിന്റെ ഭാഗമാക്കി മാറ്റണമെന്നും മീനാക്ഷി നിർദ്ദേശിച്ചു.
എന്തായാലും, മീനാക്ഷിയുടെ ഈ നിർദ്ദേശങ്ങളെ സ്വാഗതം ചെയ്തിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. "പൊതു വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകേണ്ട മാറ്റങ്ങളെ കുറിച്ചുള്ള മീനാക്ഷിയുടെ അഭിപ്രായങ്ങൾ കണ്ടു. അഭിപ്രായങ്ങൾക്ക് നന്ദി. കുട്ടികൾ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങൾ എല്ലാം പരിഷ്കരിച്ച പാഠപുസ്തകങ്ങളിൽ ചേർത്തിട്ടുണ്ട്. കുട്ടികളുടെയും മുതിർന്നവരുടെയും നിർദ്ദേശങ്ങൾ കേട്ടാണ് നാം പുതിയ പാഠ്യപദ്ധതി തയ്യാറാക്കിയത്." - മന്ത്രി പറഞ്ഞു.
"ഓരോ വർഷവും ഉണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസൃതമായ പാഠപുസ്തകങ്ങൾ പുതുക്കുമെന്ന് ഇതിനകം തന്നെ പ്രഖ്യാപിച്ചതാണ്. ഫസ്റ്റ് എയ്ഡ് സംബന്ധിച്ച കാര്യങ്ങളും, ട്രാഫിക് ബോധവൽക്കരണവും, സാമ്പത്തിക സാക്ഷരതയും, വേസ്റ്റ് മാനേജ്മെന്റും, നിയമ സാക്ഷരതയുമെല്ലാം വിവിധ ക്ളാസുകളിലെ പുസ്തകങ്ങളിൽ ചേർത്തിട്ടുണ്ട്. പുതിയ അഭിപ്രായങ്ങളും ആശയങ്ങളും ഉണ്ടാവട്ടെ, നല്ലതിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വാഗതം ചെയ്യുന്നു." - മന്ത്രി പറഞ്ഞു.