

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ് ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്നു മുതൽ ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. നിലവിലുള്ള മൂന്ന് ലക്ഷം രൂപയുടെ അടിസ്ഥാന പരിരക്ഷ അഞ്ച് ലക്ഷം രൂപയായാണ് രണ്ടാം ഘട്ടത്തിൽ വർദ്ധിപ്പിച്ചിരിക്കുന്നത്.
വർഷം 5 ലക്ഷം രൂപയുടെ ചികിത്സാ സഹായം ലഭിക്കും. പ്രതിമാസം 687 രൂപയാണ് പ്രീമിയം (വർഷം 8,244 രൂപ). ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്കാണ് നടത്തിപ്പ് ചുമതല. ചികിത്സാ പാക്കേജുകളുടെ എണ്ണം 1,920-ൽ നിന്ന് 2,516 ആയി ഉയർത്തി. മുറി വാടക പ്രതിദിനം 5,000 രൂപ വരെയും സർക്കാർ പേ വാർഡുകളിൽ 2,000 രൂപ വരെയും ലഭിക്കും.
മാറ്റിവയ്ക്കൽ, ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഇനി സ്വകാര്യ ആശുപത്രികളിലും ലഭ്യമാകും. ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്, ജിപ്‌മർ എന്നിവിടങ്ങളിലെ ചികിത്സയ്ക്ക് റീ-ഇംപേഴ്സ്‌മെന്റ് സൗകര്യം ലഭിക്കും. എംപാനൽ ചെയ്യാത്ത ആശുപത്രികളിൽ റോഡ് അപകടം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്ക് ചികിത്സ തേടിയാൽ ചെലവ് ഇൻഷുറൻസ് കമ്പനി മടക്കി നൽകും.
ഡയാലിസിസ്, കീമോതെറാപ്പി എന്നിവയ്ക്ക് പോർട്ടലിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ മതിയാകും. വിലകൂടിയ മരുന്നുകൾക്കും പരിശോധനകൾക്കും പ്രത്യേക തുക അനുവദിക്കും. അതീവ ഗുരുതരമായ 10 അവയവ മാറ്റ ശസ്ത്രക്രിയകൾക്കുള്ള അധിക പരിരക്ഷ തുടരും. ഇതിനായി 40 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്.
24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററും ഐ.എം.എ പ്രതിനിധികൾ ഉൾപ്പെടുന്ന ത്രിതല പരാതി പരിഹാര സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഗുണഭോക്താക്കളെ ചേർക്കുന്നതിന് പ്രായപരിധി ഉണ്ടാകില്ല. പദ്ധതിയുടെ രണ്ടാം വർഷം ചികിത്സാ നിരക്കുകളിൽ 5 ശതമാനം വർദ്ധനവ് അനുവദിക്കാനും ധാരണയായിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ മെഡിസെപ് വെബ്‌സൈറ്റിൽ ലഭ്യമാണ്.