
ശരീരത്തിലെ ഏറ്റവും വലിയ രക്തക്കുഴലായ അയോര്‍ട്ടയുടെ ഭിത്തിയില്‍ വിള്ളലുണ്ടാകുന്ന 'അയോര്‍ട്ടിക് ഡിസെക്ഷന്‍' എന്ന ഗുരുതര രോഗം ബാധിച്ച 49-കാരനില്‍ അപൂര്‍വ 'ഫ്രോസണ്‍ എലിഫന്റ് ട്രങ്ക്' ശസ്ത്രക്രിയ വിജയകരമാക്കി കിംസ്‌ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം. ഹൃദയത്തില്‍ നിന്ന് ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും രക്തമെത്തിക്കുന്ന പ്രധാന രക്തക്കുഴലാണ് അയോര്‍ട്ട.
അയോര്‍ട്ടയിലുണ്ടായ വിള്ളലിന് കാന്‍പൂര്‍ സ്വദേശിയായ രോഗി ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും തുടര്‍ന്ന് നടത്തിയ സി.ടി സ്‌കാന്‍ പരിശോധനയിൽ അയോര്‍ട്ടയുടെ മറ്റൊരു ഭാഗത്ത് പുതിയ വിള്ളല്‍ ഉണ്ടായതായി കണ്ടെത്തുകയുമായിരുന്നു. രോഗിയുടെ ഈ ഗുരുതര സാഹചര്യത്തില്‍, തിരുവനന്തപുരം കിംസ്‌ഹെല്‍ത്തിലെ കാര്‍ഡിയോതൊറാസിക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഷാജി പാലങ്ങാടന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം, സങ്കീര്‍ണ്ണ തൊറാസിക് അയോര്‍ട്ടിക് ഡിസെക്ഷനുകള്‍ക്കുള്ള നൂതന ചികിത്സയായ 'ഫ്രോസണ്‍ എലിഫന്റ് ട്രങ്ക്' ശസ്ത്രക്രിയ തിരഞ്ഞെടുക്കുകയായിരുന്നു.
'തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന പ്രധാന ധമനികളോടൊപ്പം മുഴുവന്‍ ഡിസെന്‍ഡിങ് അയോര്‍ട്ടയും മാറ്റിവയ്ക്കുന്ന ഒരു ശസ്ത്രക്രിയയാണിത്,' ഡോ. ഷാജി പാലങ്ങാടന്‍ പറഞ്ഞു. അമിതമായ രക്തസമ്മർദ്ദത്തെത്തുടര്‍ന്നാണ് ഈ രോഗിയില്‍ അയോര്‍ട്ടയില്‍ വിള്ളലുണ്ടായത്. സങ്കീര്‍ണ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുന്നതിനായി, ശരീര താപനില 18-20°C-ലേക്ക് താഴ്ത്തുകയും ആവശ്യമായ ഗ്രാഫ്റ്റുകള്‍ സ്ഥാപിക്കുന്നതിനായി ശരീരത്തിന്റെ താഴ്ഭാഗത്തേക്കുള്ള രക്തയോട്ടം ഏകദേശം 30 മിനിറ്റോളം താത്കാലികമായി നിര്‍ത്തുകയും ചെയ്തു - അദ്ദേഹം വ്യക്തമാക്കി.
വിള്ളല്‍ ബാധിച്ച ഭാഗം മാറ്റിവയ്ക്കുന്നതിനും ഭാവിയില്‍ മറ്റ് അപകട സാധ്യതകള്‍ കുറയ്ക്കുന്നതിനുമായി അയോര്‍ട്ടയുടെ താഴ്ഭാഗത്തേക്ക് നീളത്തിലുള്ള ഒരു ഗ്രാഫ്റ്റ് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. രക്തയോട്ടം താത്ക്കാലികമായി നിര്‍ത്തിവച്ച് അയോര്‍ട്ടയുടെ ദുര്‍ബലമായ ഭാഗം ഈ പ്രത്യേക ഗ്രാഫ്റ്റ് ഉപയോഗിച്ച് മാറ്റിവയ്ക്കുകയും തുടർന്ന് തലച്ചോറിലേക്കും കൈകളിലേക്കുമുള്ള രക്തക്കുഴലുകൾ ഈ പുതിയ ഗ്രാഫ്റ്റിലേക്ക് തുന്നിച്ചേർക്കുകയും ചെയ്തു. ഈ ഗ്രാഫ്റ്റിന് ആനയുടെ തുമ്പിക്കൈയോടുള്ള സാമ്യം കാരണമാണ് ശസ്ത്രക്രിയയ്ക്ക് ഈ പേര് ലഭിച്ചിരിക്കുന്നത്.
ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു ദിവസം വെന്റിലേറ്ററില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ രോഗിയെ പിന്നീട് റൂമിലേക്ക് മാറ്റി. 10 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
കാര്‍ഡിയോതൊറാസിക് സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. വിപിന്‍ ബി. നായര്‍, അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. സൈന സൈനുദ്ദീന്‍, കാര്‍ഡിയോതൊറാസിക് അനസ്‌തേഷ്യ വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ. സുഭാഷ് എസ്., ഡോ. അനില്‍ രാധാകൃഷ്ണ പിള്ള എന്നിവരും എട്ട് മണിക്കൂര്‍ നീണ്ട ഈ ശസ്ത്രക്രിയയില്‍ പങ്കെടുത്തു.