

കോഴിക്കോട്: മെഡിക്കൽ കോളജ് കാമ്പസിനകത്തുനിന്ന് വിയോജിപ്പുകൾ ഉയരുന്നുണ്ടെങ്കിലും കാമ്പസിലെ ശുചിമുറി മാലിന്യ സംസ്കരണ പദ്ധതിയുമായി കോർപറേഷൻ മുന്നോട്ട്. കോർപറേഷൻ അമൃത് പദ്ധതിയുടെ ഭാഗമായി മെഡിക്കൽ കോളജിൽ സ്ഥാപിച്ച ശുചിമുറി മാലിന്യ സംസ്കരണ (എസ്.ടി.പി) പ്ലാന്റ് നവീകരണം ഈ വർഷം ഡിസംബർ 31നകം പൂർത്തീകരിക്കാനാണ് നീക്കം. അമൃത് ഒന്ന് പദ്ധതിയുടെ എല്ലാ പ്രവൃത്തികളും ഈ വർഷം ഡിസംബർ 31ന് മുമ്പ് പൂർത്തിയാക്കേണ്ടതിനാലാണ് അടിയന്തരമായി നവീകരണം പൂർത്തിയാക്കുന്നത്.
ഇതു സംബന്ധിച്ച അജണ്ടകളിൽ ബുധനാഴ്ച നടക്കുന്ന കോർപറേഷൻ കൗൺസിൽ അടിയന്തര തീരുമാമെടുക്കും. എസ്.ടി.പി പ്ലാന്റിലേക്ക് മോട്ടർ ഘടിപ്പിക്കുന്നതിനും വൈദ്യുതീകരണത്തിനും അധികമായി വരുന്ന 27,58,008 രൂപ അനുവദിക്കുന്നതിന് കോർപറേഷൻ തത്ത്വത്തിൽ അനുമതിയായിട്ടുണ്ട്.