തിരുവനന്തപുരം : ഡോക്ടർ ഹാരിസിൻ്റെ മുറിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ നിന്നും കാണാതായ ഉപകരണം കണ്ടെത്തിയെന്ന് സമ്മതിച്ച് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. എന്നാൽ, അക്കാര്യത്തിൽ ചില അസ്വാഭാവികതകൾ ഉണ്ടെന്നും, അത് പുതിയ ബോക്സ് ആയിരുന്നുവെന്നും അദ്ദേഹം.കൂട്ടിച്ചേർത്തു. പികെ ജബ്ബാർ പറഞ്ഞത് ഓഗസ്റ്റ് 2നുള്ള ബില്ലാണ് അതിൽ ഉണ്ടായിരുന്നത് എന്നാണ്. (Medical College Pricipal about Dr. Harris)
പരിശോധനയുടെ ഭാഗമായാണ് ഡോക്ടർ ഹാരിസിൻ്റെ ഓഫീസ് മുറി തുറന്നതെന്നാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പറഞ്ഞത്. പരിശോധനയിൽ ഡി എം ഇ അടക്കമുള്ളവരും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തപ്പെട്ടവരല്ലാതെ മറ്റാരും മുറിയിൽ കയറിയിട്ടില്ല എന്നും ഡോക്ടർ പി കെ ജബ്ബാർ അറിയിച്ചു. സുരക്ഷയുടെ ഭാഗമായാണ് മറ്റൊരു പൂട്ടിട്ട് മുറി പൂട്ടിയതെന്നാണ് അദ്ദേഹത്തിൻ്റെ വിശദീകരണം.
ഡോക്ടർ ഹാരിസ് ചിറയ്ക്കൽ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ വിശദീകരണം. തന്നെ കുടുക്കാനും വ്യക്തിപരമായി ആക്രമിക്കാനും ശ്രമം നടക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. മറ്റൊരു പൂട്ടിട്ട് ഓഫീസ് മുറി പൂട്ടിയതിൽ അധികൃതർക്ക് മറ്റെന്തോ ലക്ഷ്യം ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഗുരുതരമായ ആരോപണങ്ങൾ ഉള്ളത് കെ ജി എം സി ടി എ ഭാരവാഹികൾക്ക് നൽകിയ കുറിപ്പിലാണ്. തന്നെ കുടുക്കാൻ കൃത്രിമം കാണിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നുണ്ട് എന്നും, ഔദ്യോഗികമായ രഹസ്യ രേഖകളടക്കം ഓഫീസ് മുറിയിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിലെ ഉപകരണം കാണാതായതിൽ അന്വേഷണം വേണമെന്ന് വിദഗ്ധ സമിതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഉപകരണം അവിടെത്തന്നെ ഉണ്ടെന്നാണ് ഡോക്ടർ ഹാരിസ് പറഞ്ഞത്.