സൗജന്യ പരിശോധന അട്ടിമറിച്ച് മെഡിക്കൽ കോളജ് അധികൃതർ
തിരുവനന്തപുരം: 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി സൗജന്യ പരിശോധന അട്ടിമറിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ അധികൃതർ. ഇവിടെ സൗജന്യ പരിശോധനയ്ക്ക് വന്നവർ 1500 രൂപ നൽകി മാമോഗ്രാം എടുക്കണമെന്ന് നിർദേശം.
ഇതോടെ വലിയൊരു പങ്ക് അതിന് മുതിരാതെ സ്ഥലംവിട്ടു. നവകേരളം കര്‍മ പദ്ധതി രണ്ട് ആര്‍ദ്രം മിഷന്റെ ഭാഗമായി ശൈലി ആപ്പിലൂടെ ആരോഗ്യ വകുപ്പ് നടത്തിയ സ്ക്രീനിങ്ങിന്റെ ആദ്യഘട്ടത്തില്‍ ഒമ്പത് ലക്ഷത്തോളം പേർക്കും, രണ്ടാംഘട്ടത്തിൽ രണ്ട് ലക്ഷത്തോളം പേർക്കും കാൻസർ സാധ്യത കണ്ടെത്തിയിരുന്നു. എന്നാൽ, ഇവരിൽ ഒന്നാം ഘട്ടത്തിൽപ്പെട്ട 1.5 ലക്ഷം പേരും രണ്ടാം ഘട്ടത്തിൽപ്പെട്ട 40,000 പേരും മാത്രമാണ് തുടർപരിശോധനക്ക് സജ്ജമാക്കിയത്.
ഇതിനെ തുടർന്നാണ് വലിയ പ്രചാരണം സംഘടിപ്പിച്ചത് മാർച്ച് എട്ട് വരെ പരിശോധനയും പ്രതിരോധവും ചികിത്സയും നിശ്ചയിച്ചത്. മെഡിക്കൽ കോളജിൽ ആദ്യദിവസങ്ങളിൽ സൗജന്യമായി മാമോഗ്രാം പരിശോധന നടത്തിയിരുന്നു. എന്നാൽ,ശനിയാഴ്ച അതിന് തുക ഈടാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ, മാമോഗ്രാമിന് നിർദേശിക്കപ്പെട്ടവരിൽ മിക്ക ആളുകളും തീയതി എടുക്കാതെ തിരിച്ചുപോവുകയായിരുന്നു.