

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ രണ്ട് ദിവസം കുടുങ്ങിക്കിടന്ന പോങ്ങുംമൂട് സ്വദേശി രവീന്ദ്രൻ നായർക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസാണ് സംസ്ഥാന സർക്കാരിന് ഈ നിർദ്ദേശം നൽകിയത്.
രണ്ട് മാസത്തിനുള്ളിൽ അഞ്ച് ലക്ഷം രൂപ പരാതിക്കാരന് കൈമാറണം. ലിഫ്റ്റിന്റെ അറ്റകുറ്റപ്പണി നടത്തുന്ന കമ്പനിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാരിനോട് നിർദ്ദേശിച്ചു. ലിഫ്റ്റ് ഓപ്പറേറ്ററെ നിയമിക്കുന്നതിലും സുരക്ഷാ മുൻകരുതൽ എടുക്കുന്നതിലും മെഡിക്കൽ കോളേജ് അധികൃതർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കമ്മീഷൻ കണ്ടെത്തി.
2025 ജൂലൈ 13-നാണ് നടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ രവീന്ദ്രൻ നായർ ഒപി ബ്ലോക്കിലെ ലിഫ്റ്റിൽ കുടുങ്ങിയത്. ലിഫ്റ്റ് തകരാറിലാണെന്ന അറിയിപ്പോ മുന്നറിയിപ്പ് ബോർഡോ ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമായത്. ഫോൺ കയ്യിലില്ലാതിരുന്നതിനാൽ പുറംലോകത്തെ വിവരം അറിയിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. രണ്ട് ദിവസത്തിന് ശേഷം ലിഫ്റ്റ് ഓപ്പറേറ്റർ എത്തിയപ്പോഴാണ് അവശനായ നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്.
ഭാഗ്യം കൊണ്ട് മാത്രമാണ് രവീന്ദ്രൻ നായരുടെ ജീവൻ രക്ഷപ്പെട്ടതെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന ജാഗ്രത വേണമെന്നും കമ്മീഷൻ നിരീക്ഷിച്ചു.