

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധത്തിലുള്ള സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ നാളെ മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുന്നു. ആദ്യഘട്ടത്തിൽ അധ്യാപനം നിർത്തിവെച്ചാണ് സമരം തുടങ്ങുന്നത്. വരും ആഴ്ചകളിൽ ഒപി ഉൾപ്പെടെയുള്ള അടിയന്തരമല്ലാത്ത ചികിത്സാ സേവനങ്ങളും ബഹിഷ്കരിക്കുമെന്ന് ഡോക്ടർമാരുടെ സംഘടന അറിയിച്ചു.(Medical college doctors' strike begins tomorrow)
സമരം ശക്തമാക്കുമ്പോഴും ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് പ്രധാന വിഭാഗങ്ങളെ പ്രതിഷേധത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അത്യാഹിത വിഭാഗം, ഐസിയു, ലേബർ റൂം, കിടത്തിച്ചികിത്സ, അടിയന്തര ശസ്ത്രക്രിയകൾ, പോസ്റ്റ്‌മോർട്ടം നടപടികൾ എന്നിവയാണവ.
കഴിഞ്ഞ ജൂലൈ മുതൽ ഡോക്ടർമാർ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിൽ സർക്കാർ നടപടി സ്വീകരിക്കാത്തതിനാലാണ് കടുത്ത സമരത്തിലേക്ക് നീങ്ങുന്നത്. ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക. ശമ്പള-ഡിഎ കുടിശ്ശിക അടിയന്തരമായി അനുവദിക്കുക. കൂട്ടസ്ഥലംമാറ്റങ്ങളും താൽക്കാലിക സ്ഥലംമാറ്റങ്ങളും ഒഴിവാക്കുക. മെഡിക്കൽ കോളേജുകളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കുക എന്നിവയാണവ.