തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ താൻ 'പാലമായി' പ്രവർത്തിച്ചെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജ്യസഭയിലെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപി. പലതവണ കേന്ദ്രമന്ത്രിയെ കണ്ടിട്ടുണ്ടെന്നും, മധ്യസ്ഥത വഹിച്ചത് കേരളത്തിന് വേണ്ടിയാണെന്നും ബ്രിട്ടാസ് വ്യക്തമാക്കി.(Mediated for Kerala, John Brittas MP on PM SHRI issue)
"ഞാൻ പലതവണ മന്ത്രിയെ കണ്ടിട്ടുണ്ട്, മധ്യസ്ഥത വഹിച്ചു എന്ന് മന്ത്രി പറഞ്ഞത് സത്യമാണ്. കേരളത്തിന്റെ വിഷയം ഏറ്റെടുത്ത് കേന്ദ്ര മന്ത്രിയുടെ അടുത്ത് പോയി എന്ന് പറഞ്ഞതിൽ സന്തോഷമേയുള്ളു." എന്നാൽ, "പി എം ശ്രീ കരാർ ഒപ്പിടുന്നതിൽ മധ്യസ്ഥത വഹിച്ചിട്ടില്ല," എന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു. പി എം ശ്രീ പദ്ധതിയിലെ ഫണ്ട് കിട്ടാത്തത് കേരളത്തിന് നഷ്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പദ്ധതി നടപ്പാക്കാത്ത സംസ്ഥാനങ്ങളുടെ നിലപാട് ദുർബലമാക്കുന്നത് കോൺഗ്രസിന്റെ നിലപാടാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞതായി ജോൺ ബ്രിട്ടാസ് വെളിപ്പെടുത്തി. "കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ യഥേഷ്ടം ഫണ്ട് വാങ്ങിയിട്ട് കേരളത്തെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്." പദ്ധതി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് ഫണ്ട് നൽകില്ല എന്ന നിലപാട് മാറ്റില്ല എന്ന സൂചനയാണ് കേന്ദ്രമന്ത്രിയിൽ നിന്ന് ഉണ്ടായതെന്നും ബ്രിട്ടാസ് വിശദീകരിച്ചു.
ഇന്ന് രാജ്യസഭയിലാണ് ധർമ്മേന്ദ്ര പ്രധാൻ ജോൺ ബ്രിട്ടാസിനെ അഭിനന്ദിച്ചുകൊണ്ട് വെളിപ്പെടുത്തൽ നടത്തിയത്. സർവ സമ്മതത്തോടെയാണ് കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടതെന്നും എന്നാൽ സംസ്ഥാന സർക്കാരിലെ ആഭ്യന്തര തർക്കം മൂലമാണ് പദ്ധതി നടപ്പാക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു. പദ്ധതിയിൽ ചേരില്ലെന്നായിരുന്നു കേരളം ആദ്യം സ്വീകരിച്ച നിലപാട്. എന്നാൽ, കഴിഞ്ഞ ഒക്ടോബറിൽ ഘടകകക്ഷികൾ പോലും അറിയാതെ ധാരണാപത്രത്തിൽ ഒപ്പിട്ടശേഷം, സിപിഐ അടക്കമുള്ളവരുടെ എതിർപ്പിനെ തുടർന്ന് പിന്മാറുകയായിരുന്നു.